കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത 13 ാം പ്രതി നാഗേഷ് കണ്‍സല്‍ട്ടന്‍സി ഉടമ ഡി.വി. നാഗേഷിനെ റിമാന്‍ഡ് ചെയ്തു.
വിജിലന്‍സ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്ന നാഗേഷിനെ ഇന്നലെ വൈകുന്നേരം അഞ്ചിന് മുന്‍പ് തന്നെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
തുടര്‍ന്നു ഡിസംബര്‍ മൂന്നുവരെ റിമാന്‍ഡ് ചെയ്ത് കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു. നാഗേഷിന്റെ ജാമ്യാപേക്ഷ 24ന് പരിഗണിക്കും.
അന്നുതന്നെയാണു മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും, കസ്റ്റഡിയില്‍ വേണമെന്ന വിജിലന്സിൻരെ അപേക്ഷയും കോടതി പരിഗണിക്കുക.
അതിനിടെ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ കോടതി നിര്‍ദേശപ്രകാരം രൂപീകൃതമായ മെഡിക്കല്‍ ബോര്‍ഡ് ഇന്നോ നാളെയോ ആശുപത്രിയില്‍ എത്തിയേക്കും.
എറണാകുളം ജില്ലാ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘമായിരിക്കും ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക.
നിലവില്‍ ഇബ്രാഹിംകുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടേയും അഭിപ്രായം കണക്കിലെടുത്തായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുക.
23ന് കോടതി അവധിയായതിനാല്‍ 24നാണു മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ജോബിന് സെബാസ്റ്റ്യന്‍ കേസ് പരിഗണിക്കുന്നത്. 24ന് രാവിലെ 11ന് മുന്‍പ് തന്നെ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിക്കുവാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.