കൊച്ചി: ബലക്ഷയത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാലാരിവട്ടം മേല്‍പ്പാലം അടച്ചതോടെ ഇടപ്പള്ളി-വൈറ്റില റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പാലം അടച്ചതോടെ പാലാരിവട്ടത്തുനിന്നും കാക്കനാടുനിന്നും വരുന്ന വാഹനങ്ങള്‍ ബൈപാസിലേക്ക് കയറി യുടേണ്‍ എടുത്താണ് യാത്ര തുടരേണ്ടത്. ഇങ്ങനെ യുടേണ്‍ എടുക്കുന്നതിനായി വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോഴാണു ഗതാഗക്കുരുക്കുണ്ടാകുന്നത്.
യുടേണ്‍ എടുക്കാനുള്ള വാഹനങ്ങളോടൊപ്പം പൈപ്പ് ലൈന്‍ സിഗ്നല്‍ കഴിഞ്ഞു വരുന്ന വാഹനങ്ങളും കൂടിയാകുമ്പോള്‍ ഈ ഭാഗത്തു രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കു കടന്നു പോകുന്നതിനു ബുദ്ധിമുട്ടുണ്ടായി. രാവിലെയും വൈകുന്നേരവും ഓഫീസ് സമയങ്ങളില്‍ നല്ല തിരിക്കാണ് അനുഭവപ്പെടുന്നത്.
അതിനിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ പ്രദേശത്ത് പൊടിശല്യവും തുടങ്ങിയിട്ടുണ്ട്. ചൂട് കൂടിയ ദിവസങ്ങളില്‍ മണിക്കുറുകളോളം നീളുന്ന വാഹനക്കുരുക്ക് ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഏറെ ബുദ്ധിമുട്ട് സൃഷിടിക്കുന്നു.ടാറിംഗ് പൊട്ടി പൊളിയുന്നത് പുറമേ പാലവും പാലത്തിലേക്കുള്ള വഴിയും ചേരുന്നിടത്ത് വലിയ രീതിയിലുള്ള കുഴികളും രൂപപ്പെട്ടതിനെ തുടര്‍ന്നാണു പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്.
ഡെക് കണ്ടിന്യൂയിറ്റി ടെക്നോളജിയിലൂടെയായിരുന്നു മേല്‍പ്പാലത്തിന്റെ സ്പാനുകള്‍ ചേര്‍ത്തത്. സംസ്ഥാനത്തു തന്നെ ഈ ടെക്നോളജി ആദ്യമായി പരീക്ഷിച്ചതും പാലാരിവട്ടം പാലത്തിന്റെ പണിക്കായിരുന്നു. ഇതാണ് ഇപ്പോള്‍ വിജയം കാണാതെ പോയിട്ടുള്ളത്. സ്പാനുകള്‍ ചേരുന്നിടത്തെ നിര്‍മാണം പൂര്‍ണമായും മാറ്റി സ്ട്രിപ്പ് സ്റ്റീല്‍ ജോയിന്റാവും ഇനി സ്ഥാപിക്കുക. കൂടാതെ നിലവിലെ ടാറിംഗ് പൂര്‍ണമായും നീക്കം ചെയ്ത് പുതിയ ടാറിംഗും ചെയ്യും.
ഒരു മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് നല്‍കിയാണ് റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് മേല്‍പ്പാലം അടച്ചിട്ടുള്ളത്. മേല്‍പ്പാലത്തിലെ വിള്ളലുകള്‍ ഇല്ലാതാക്കി, പാലം ബലപ്പെടുത്തുന്നത് അടക്കമുള്ള പണികളാണ് ഈ സമയം കൊണ്ട് കോര്പറേഷന് പൂര്‍ത്തിയാക്കേണ്ടത്.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ പാലം നിര്‍മിച്ച ആര്‍ഡിഎസ് കണ്‍സ്ട്രക്ഷന്‍സ് തന്നെയാണ് അറ്റകുറ്റപ്പണിയുടെ ചുമതലയും വഹിക്കുന്നത്. 52 കോടി രൂപ ചെലവില്‍ പണിത പാലം 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിനു സമര്‍പ്പിച്ചത്. 750 മീറ്റര്‍മാത്രം നീളമുള്ള പാലത്തിലൂടെ രണ്ടര കൊല്ലം വാഹനമോടിയപ്പോഴേക്കും മേല്‍പ്പാലം അപകടാവസ്ഥയിലാവുകയായിരുന്നു. നിര്‍മാണത്തില്‍ വരുത്തിയ ക്രമക്കേടാണു മേല്‍പ്പാലത്തെ അപകടത്തിലാക്കിയതെന്ന് ആരോപണമുണ്ട്.