കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ചൊവ്വാഴ്ച എഫ്ഐആർ സമർപ്പിക്കും. റോഡ്സ് & ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ എന്നിവയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതിസ്ഥാനത്തു നിർത്തിയാകും എഫ്ഐആർ സമർപ്പിക്കുന്നത്.
കരാർ കന്പനിയായ ആർഡിഎസിന്റെ എംഡിയടക്കം ആകെ അഞ്ച് പ്രതികളാണുള്ളത്. പാലത്തിന്റെ നിർമാണത്തിന്റെ കരാറുകാരായ ആർഡിഎസ് കന്പനി എംഡി സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. പാലത്തിന്റെ രൂപരേഖ തയാറാക്കിയ ബംഗളുരുവിലെ നാഗേഷ് കണ്‍സൾട്ടന്റ്സ് രണ്ടാം പ്രതിയുമാകും.
ക്രമക്കേടു നടന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചത്. പ്രാഥമിക അന്വേഷണത്തിൽ പാലത്തിന്റെ രൂപകൽപന മുതൽ ക്രമക്കേടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി.
കരാറുകാരനുമായി ചേർന്ന് ഉദ്യോഗസ്ഥർ ഒത്തുകളിച്ചുവെന്നും അമിത ലാഭമുണ്ടാക്കാൻ പാലത്തിന്റെ രൂപകല്പന മാറ്റിയെന്നും അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുള്ള റിപ്പോർട്ട് വിജിലൻസ് ഡിവൈഎസ്പി ആർ. അശോക് കുമാർ നേരത്തെ എസ്പിക്കു കൈമാറുകയും ചെയ്തു.
ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രതിയാണെന്നും കേസെടുക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. പാലത്തിൽനിന്നു വിജിലൻസ് ശേഖരിച്ച കോണ്‍ക്രീറ്റിന്റെയും കന്പിയുമടക്കമുള്ള സാന്പിളുകളുടെ ശാസ്ത്രീയ പരിശോധന അന്വേഷണത്തിന്റെ ഭാഗമായി നടത്തി. ഇവയിലും ക്രമക്കേട് കണ്ടെത്തി.
പാലം പണി നടത്തിയ ആർഡിഎസ് കന്പനി ഉദ്യോഗസ്ഥരുടെയും മേൽനോട്ടം വഹിച്ച റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ (ആർബിഡിസി) ഉദ്യോഗസ്ഥരുടേതുമടക്കം മൊഴികളും വിജിലൻസ് സംഘം ശേഖരിച്ചു.
അറ്റകുറ്റപ്പണികൾക്കായി മേയ് ഒന്നിന് അടച്ച പാലം ഒരു മാസത്തിനുശേഷം തുറന്നുകൊടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എപ്പോൾ തുറക്കുമെന്നത് സംബന്ധിച്ച് നിലവിൽ അധികൃതർ ഉറപ്പിച്ചൊന്നും പറയുന്നില്ല.