കൊച്ചി: എട്ടുമാസംകൊണ്ടു പുനർനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദേശിച്ച പാലാരിവട്ടം മേല്‍പ്പാലം മൂന്നുമാസം മുമ്പേ ഗതാഗതത്തിനു തയാറാകുന്നു. ടാറിംഗ് ജോലികള്‍ ഉള്‍പ്പെടെ അവസാനഘട്ടത്തിലെത്തിനില്‍ക്കുന്ന പാലം അടുത്തമാസം ആദ്യം തുറന്നുകൊടുത്തേക്കും.
ഇതിനു മുന്നോടിയായുള്ള പാലത്തിലെ ഭാരപരിശോധന ഉടന്‍ ആരംഭിക്കും. അവസാനഘട്ടത്തിലെത്തി നില്ക്കുന്ന ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഭാരപരിശോധന. ടാറിംഗ് ജോലികള്‍ ഇന്നുതന്നെ തീര്‍ക്കാന്‍ സാധിക്കുമെന്നാണു അധികൃതരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇന്നുതന്നെ ഭാരപരിശോധന ആരംഭിക്കും.
ടാറിംഗ് നാളത്തേയ്ക്കു നീണ്ടാല്‍ നാളെ മുതല്ക്കേ പരിശോധനകള്‍ ആരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.ഭാരം നിറച്ച ടിപ്പര്‍ ലോറികള്‍ 24 മണിക്കൂര്‍ പാലത്തില്‍ നിര്ത്തിയിട്ടുകൊണ്ടാണു പരിശോധന നടത്തുന്നത്. പിന്നീട് ഈ ലോറികള്‍ മാറ്റിയും നിരീക്ഷണം നടത്തും. രണ്ടു ദിവസംമുമ്പാണു പാലത്തിലെ ടാറിംഗ് ആരംഭിച്ചത്.
ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് ആറിനുമുമ്പ് പാലത്തിന്റെ പ്രധാനപണികളെല്ലാം തീര്‍ക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. അഞ്ചാം തീയതി വൈകിട്ടോടെ പാലം സര്‍ക്കാരിനു കൈമാറാനാകുമെന്നാണു വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പേ് ഉദ്ഘാടനം നടത്തുമെന്നാണു വിവരങ്ങള്‍.
അങ്ങനെയെങ്കില്‍ അടുത്ത ആഴ്ച അവസാനത്തോടെ ഉദ്ഘാടനം നടക്കുമെന്നാണു സൂചന. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍, ഊരാളുങ്കല്‍ സൊസൈറ്റിയാണു പാലം പുനര്‍ നിര്‍മാണം റിക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു പുനനിര്‍മാണം ആരംഭിച്ചത്.
കഴിഞ്ഞ സെപ്തംബര്‍ 28 ന് പാലത്തിന്റെ ടാര്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു. പിന്നീട് ഒക്ടോബര്‍ ഏഴിന് പാലത്തിലെ ഗര്‍ഡറുകള്‍ പൊളിച്ചു നീക്കുന്ന ജോലികളും തുടങ്ങി.നിലവിലുണ്ടായിരുന്ന കണ്വെന്ഷനല് ഗര്‍ഡറുകള്‍ക്കു പകരം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്ഡുകളാണു പാലത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.
പ്രത്യേക ജാക്കികള്‍ എത്തിച്ചാണു സെന്‍ട്രല്‍ സ്പാനിന്റെ ഗര്‍ഡറുകള്‍ ഉയര്‍ത്തിയത്. ലക്ഷ്യമിട്ടതിലും മൂന്നുമാസം മുമ്പേ പാലംപണി തീര്‍ക്കാന്‍ കഴിഞ്ഞത് ഡിഎംആര്‍സിക്ക് നേട്ടമാണ്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ക്കു പുറമേ പാലാരിവട്ടം പാലം കൂടി തുറക്കുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.