കൊച്ചി: പുനർനിര്‍മാണം അന്തിമഘട്ടത്തിലെത്തിയ പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന ആരംഭിച്ചു. പാലത്തിന്റെ ടാറിംഗ് ജോലികള്‍ അന്തിമഘട്ടത്തിലെത്തിനില്ക്കേയാണു ഭാരപരിശോധനയും തുടങ്ങിയത്.
പാലത്തിന്റെ സെന്‍ട്രല്‍ സ്പാനിന്റെ പരിശോധനയാണു ആരംഭിച്ചിട്ടുള്ളത്. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണു പരിശോധനകളെന്ന് അധികൃതര്‍ പറഞ്ഞു. ഭാരം നിറച്ച രണ്ടു ടിപ്പര്‍ ലോറികള്‍ 24 മണിക്കൂര്‍ പാലത്തില്‍ നിര്‍ത്തിയിടും.
പിന്നീട് ഈ ലോറികള്‍ മാറ്റിയും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നതാണു പരിശോധന. പാലത്തിന്റെ ഒരു ഭാഗത്തെ ടാറിംഗ് മുഴുവനായി തീര്‍ന്നിട്ടുണ്ട്. വൈറ്റില ഭാഗത്തെ ടാറിംഗാണു പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇടപ്പള്ളി ഭാഗത്തെ ടാറിംഗാണു ധ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് ആറിനുമുമ്പ് പാലത്തിന്റെ പ്രധാനപണികളെല്ലാം തീര്‍ക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. അഞ്ചാം തീയതി വൈകിട്ടോടെ പാലം സര്‍ക്കാരിനു കൈമാറിയേക്കും.
അതിനിടെ, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍വന്നതോടെ ആഘോഷമായ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണു പാലം പുനര്‍ നിര്‍മാണം റിക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്.