കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നാളെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (ആര്‍ബിഡിസികെ) കൈമാറുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. ഇന്നു രാവിലെ പാലാരിവട്ടം പാലത്തില്‍ അവസാനവട്ട പരിശോധനയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം.
പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇതു സന്തോഷമുഹൂര്ത്തമാണെന്നും അദേഹം പറഞ്ഞു.അഞ്ചുമാസം കൊണ്ടാണു പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒമ്പതു മാസം കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് ഉറപ്പു നല്‍കിയാണ് സര്‍ക്കാരില്‍നിന്നും ഡിഎംആര്‍സി പാലം നിര്‍മാണം ഏറ്റെടുത്തത്.
നിര്‍മാണ കരാര്‍ കൊടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്ക് എട്ടു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഡിഎംആര്‍സി കരാര്‍ നല്‍കിയത്. എന്നാല്‍ അവര്‍ അഞ്ചുമാസവും 10 ദിവസവും കൊണ്ട് പണി പൂര്‍ത്തിയാക്കി. ഇക്കാര്യത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയോട് പ്രത്യേക നന്ദിയുണ്ടെന്നും ഇ. ശ്രീധരന് പറഞ്ഞു.
വളരെ വേഗത്തിലും ഗുണനിലവാരത്തിലുമുള്ള നിര്‍മാണമാണ് പാലത്തില്‍ നടത്തിയിരിക്കുന്നത്. നാളെ പാലം ആര്‍ബിഡിസിക്ക് കൈമാറാനാണു തീരുമാനമെന്നും ഇ. ശ്രീധരന് പറഞ്ഞു.പാലത്തിന്റെ അന്തിമപരിശോധനയുടെ ഭാഗമായാണ് ഇന്നു രാവിലെ പാലത്തില്‍ ഇ. ശ്രീധരന് സന്ദര്‍ശനം നടത്തിയത്.
പാലത്തിന്റെ നിര്‍മാണ പ്രവർത്തനങ്ങളില്‍ പെയിന്റിഗും മാര്‍ക്കിംഗ് തുടങ്ങിയ ഏതാനും ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത് ഇന്നത്തോടെ പൂര്‍ത്തിയാക്കും. കഴിഞ്ഞ ശനിയാഴ്ച രാവിലെ തുടങ്ങിയ പാലത്തിലെ ഭാരപരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു.
രണ്ടു സ്പാനുകളിലായി പരിശോധന നാലു ദിവസം നീണ്ടു. പാലത്തിലുള്ള 35 മീറ്ററിന്റെയും 22 മീറ്ററിന്റെയും സ്പാനുകളിലായിരുന്നു ഭാരപരിശോധന. 24 മണിക്കൂറിനുള്ളില്‍ ഘട്ടം ഘട്ടമായി 220 ടണ്‍ ഭാരം പാലത്തിനു മുകളിലെത്തിച്ച് നിര്‍ത്തിയിട്ടാണ് പരിശോധന നടത്തിയത്.