കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ കുറ്റപത്രം തയാറാക്കി വിജിലന്‍സ്. ഇന്നലെ ഹൈക്കോടതിയിലാണ് അന്വേഷണസംഘം ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം വിജിലന്‍സ് ഡയറക്ടറുടെ അനുമതിക്കായി സമര്പ്പിച്ചിരിക്കുകയാണെന്നുമാണു വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയത്.
കേസില്‍ പ്രതിയായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുന്‍കൂര്‍ അനുമതി ഇല്ലാതെ എറണാകുളം ജില്ലവിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥ ഒഴിവാക്കാനായി നല്കിയ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.
ഹര്‍ജിയില്‍, മുന്‍കൂര്‍ അനുമതി ഇല്ലാതെ എറണാകുളം ജില്ലവിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥ ഹൈക്കോടതി ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നു വിജിലന്‍സ് വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
പ്രതിപക്ഷത്തിനെതിരേയുള്ള സര്‍ക്കാരിന്റെ ആയുധങ്ങളിലൊന്നാണു പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്. വി.കെ. ഇബ്രാഹിംകുഞ്ഞടക്കം 13 പ്രതികളാണ് കേസിലുള്ളത്. പാലത്തിന്റെ നിര്‍മാണ കരാര്‍ ആര്‍ഡിഎക്സ് കമ്പനിക്ക് നല്കാന് ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നുവെന്നാണു വിജിലന്‍സിന്റെ ആരോപണം.
കേസിലെ പ്രധാന പ്രതികളെയെല്ലാം അറസ്റ്റ് ചെയ്ത വിജിലന്‍സ് തെളിവുകള്‍ ശേഖരിച്ചതായാണു വിവരങ്ങള്‍.പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അഞ്ചാം പ്രതിയാണു മുന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ്.
ജനുവരി എട്ടിനാണ് ഇക്കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ലയ്ക്കു പുറത്തു പോകരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല.