കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ ഇനിയും പണം മുടക്കേണ്ടി വരില്ല. കൊച്ചിയില്‍ ഡിഎംആര്‍സി പണിത നാല് പാലങ്ങളുടെ മിച്ചത്തുക ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ധാരണ.
ഇക്കാര്യം നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഡിഎംആര്‍സി മുഖ്യ ഉപദേശകന് ഇ. ശ്രീധരന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു.
കൊച്ചി മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി എറണാകുളത്ത് നാല് പാലങ്ങളാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) പണിതത്. നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോള്‍ നാല് പാലങ്ങളിലുമായി 17.4 കോടി രൂപ മിച്ചം ലഭിച്ചു.
ഈ പണം വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിരിക്കുകയാണ്. കരാര്‍ അവസാനിപ്പിച്ച് ഡിഎംആര്‍സി കേരളത്തില്‍നിന്ന് മടങ്ങുന്നതിന് മുന്‍പായി മിച്ച തുക സര്‍ക്കാരിലേക്ക് കൈമാറാന്‍ ഇരിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള തുക ഈ ഇനത്തില്‍ വിനിയോഗിക്കാമെന്ന ആശയം ശ്രീധരന് മുന്നോട്ട് വച്ചത്. എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് കേരളത്തിന്റെ നിര്‍മാണ സംസ്കാരത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യമായിരുന്നു.
ആദ്യം നിര്‍മിച്ച എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന്റെ ഉദ്ഘാട വേളയില്‍ തന്നെ നിശ്ചയിച്ചതിലും കുറഞ്ഞ തുകയിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന ഇ. ശ്രീധരന്റെ വെളിപ്പെടുത്തല്‍ അത്ഭുതത്തോടെയാണ് അന്ന് കേരളം കേട്ടത്.
പിന്നീട് ഇടപ്പള്ളി മേല്‍പ്പാലവും എ.എല്‍. ജേക്കബ്, പച്ചാളം റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളും നിശ്ചിത തുകയേക്കാള്‍ കുറഞ്ഞ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. അതും മികച്ച ഗുണനിലവാരത്തില്‍.