കൊച്ചി: പാലം പണിയുന്പോൾ സിമന്റിന്റെയും കന്പിയുടെയും അളവ് പരിശോധിക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം മേൽപ്പാലം അഴിമതി സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ. ശ്രീധരൻ പറയുന്ന കാര്യങ്ങൾ നടക്കാൻ പോകുന്നില്ലെന്നും മുൻ മന്ത്രി പറഞ്ഞു.
മന്ത്രിയായിരിക്കെ മേൽപ്പാല നിർമാണത്തിന്റെ ഭരണാനുമതി മാത്രമാണ് നൽകിയത്. സിമന്റിന്റെയും കന്പിയുടെയും അളവ് പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. റോഡുപണി നടക്കുന്പോഴും പാലം പണി നടക്കുന്പോഴും സിമന്റ് എത്ര ഇട്ടു, കന്പി എത്ര ഇട്ടു എന്നൊക്കെ മന്ത്രിക്ക് നോക്കാനാകുമോ എന്നു ചോദിച്ച ഇബ്രാഹിംകുഞ്ഞ്, ഇതു മന്ത്രിയുടെ പണിയല്ലെന്ന് ചിന്തിച്ചാൽ മനസിലാകുമെന്നും കൂട്ടിച്ചേർത്തു.
പാലം പുനർനിർമിക്കണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായത്തോട്, ശ്രീധരൻ പലതും പറയും, അതൊന്നും നടക്കുന്ന കാര്യമല്ലെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ മറുപടി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നിർമിച്ച പാലാരിവട്ടം മേൽപ്പാലത്തിൽ ക്രമക്കേട് നടന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.