കൊച്ചി: സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു പൊളിച്ചുപണിയുന്ന പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ടാര്‍ ഇളക്കിമാറ്റുന്ന ജോലികള്‍ പുരോഗമിക്കുന്നു.
ഇന്നലെ ആരംഭിച്ച പ്രവര്‍ത്തനങ്ങളാണു രണ്ടാം ദിവസമായ ഇന്നും തുടരുന്നത്. അടുത്ത രണ്ടു ദിവസത്തിനിടെ പാലത്തിന്റെ 661 മീറ്റര്‍ ദൂരത്തിലുള്ള ടാര്‍ മുഴുവനുമായി മാറ്റുന്ന തരത്തിലുള്ള നടപടികളാണു പുരോഗമിക്കുന്നത്. ടാറിംഗ് എക്സ്കവേറ്റര്‍ ഉപയോഗിച്ചാണു ടാര്‍ നീക്കുന്ന ജോലികള്‍ നടത്തിവരുന്നത്.
തുടര്‍ന്നു ഗര്‍ഡറുകള്‍ ഇളക്കി മാറ്റുന്ന പ്രവൃത്തികള്‍ ആരംഭിക്കും. ഇതു രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു വിലയിരുത്തുന്നത്. ഗര്‍ഡുകള്‍ മാറ്റുന്ന ജോലികള്ക്കുശേഷമാകും തൂണുകള്‍ ബലപ്പെടുത്തുന്ന നടപടികള്‍ ആരംഭിക്കുക.
പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന. എട്ടുമാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നാണു അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. പാലത്തിന് 100 ല്‍ അധികം ഗര്റുകളാണുള്ളത്.
ഇവയില്‍ നേരത്തെ വിള്ളലുകളും കണ്ടെത്തിയിരുന്നു. ഗര്‍ഡുകള്‍ക്ക് മുകളിലുള്ള സ്ലാബ് യന്ത്രസഹായത്തോടെയാണു മുറിച്ചു മാറ്റുന്നത്. തുടര്‍ന്ന് പാലത്തിന്റെ തൂണുകള്‍ ചിപ്പ് ചെയ്തു കമ്പി ചുറ്റി ശക്തിപ്പെടുത്തും.
പാലത്തിന്റെ പിയര്‍ ഗ്യാപ്പുകള്‍ ബലപ്പെടുത്തും കാര്‍ബണ്‍ ഫൈബര്‍ റാപിംഗ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിലുള്ള കണ്വെന്ഷനല് ഗര്‍ഡറുകള്‍ക്ക് പകരം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡുകളായിരിക്കും ഇനി സ്ഥാപിക്കുക. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയാണു പാലം പണിയുന്നത്.
ഇന്നലെ രാവിലെ പാലത്തില്‍ പൂജ നടത്തിയാണു പൊളിക്കല്‍ ആരംഭിച്ചത്. മധ്യഭാഗത്തുനിന്നു രണ്ടു വശങ്ങളിലേക്കും ഒരുപോലെ വേഗത്തില്‍ ടാര്‍ നീക്കം നടക്കുന്ന തരത്തിലാണു പ്രവൃത്തി പുരോഗമിക്കുന്നത്.
പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കര്ട്ടന് വിരിക്കാനും തീരുമാനമായിട്ടുണ്ട്. ഒപ്പം വെള്ളവും നനച്ചുകൊടുക്കും.
പാലം പണി ആരംഭിച്ചെങ്കിലും നിലവില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ നിയന്ത്രണം ഉണ്ടായാലും യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ആവില്ലെന്ന് അധികൃതര്‍ അറിയിച്ചു.