കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് കേസിലെ ഒന്നാംപ്രതി ടി.ഒ. സൂരജ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് ഗുരുതര ആരോപണവുമായി ടി.ഒ. സൂരജ് രംഗത്തെത്തിയത്. തനിക്കെതിരേ ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിതന്നെയാണ്. ഇക്കാര്യത്തിൽ തനിക്ക് യാതോരു പങ്കുമില്ല. മുൻകൂർ പണത്തിന് ഏഴു ശതമാനം പലിശ ഈടാക്കാൻ താൻ തന്നെയാണ് ഉത്തരവിൽ കുറിപ്പെഴുതിയതെന്നും സൂരജ് പറയുന്നു.
പലിശ കുറച്ച് കരാറുകാരന് മുൻകൂർ പണം നൽകിയെന്ന പേരിലാണ് തന്റെ അറസ്റ്റ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നുമാണ് സൂരജിന്റെ നിലപാട്. ജുഡീഷൽ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. സൂരജിന്റെ ജാമ്യഹർജി ബുധനാഴ്ച കോടതി പരിഗണിക്കും.