കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുനർനിര്‍മാണം പുരോഗമിക്കുന്ന പാലാരിവട്ടം പാലത്തിന്റെ ഒരു സ്പാനിന്റെ മുഴുവന്‍ ഗര്‍ഡറുകളും നീക്കംചെയ്തു.
ഇന്നു പുലര്‍ച്ചെയോടെയാണു ഇടപ്പള്ളി-വൈറ്റില ഭാഗത്തെ സെന്‍ട്രല്‍ സ്പാനിനുശേഷമുള്ള ആദ്യ സ്പാനിലെ മുഴുവന്‍ ഗര്‍ഡറുകളും നീക്കം ചെയ്തത്.
കഴിഞ്ഞ ദിവസം ആരംഭിച്ച ജോലികളുടെ ഭാഗമായി ഈ സ്പാനിലെ ആറ് ഗര്‍ഡറുകളാണ് നീക്കം ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ 16 സ്പാനുകളിലെ ഗര്‍ഡറുകള്‍ മുഴുവനായി നീക്കേണ്ടതുണ്ട്. കഴിഞ്ഞ ഏഴിന് രാത്രിയിലാണു ഗര്‍ഡറുകള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചത്.
ആദ്യദിവസം മുന്നു ഗര്‍ഡറുകളാണു നീക്കിയത്. കനത്ത മഴമൂലം വ്യാഴാഴ്ച ഒരു ഗര്ഡര്മാത്രമേ നീക്കം ചെയ്യാന്‍ സാധിച്ചുള്ളൂ. ശേഷിച്ച രണ്ടു ഗര്‍ഡറുകളും ഇന്നു പുലര്‍ച്ചയോടെ മുറിച്ചുനീക്കുകയായിരുന്നു.
അതിനിടെ, രാത്രിയിലെ കനത്ത മഴ പുനർനിര്‍മാണ ജോലികളെ ബാധിക്കാതിരിക്കാനായി ഡെക്ക് സ്ലാബുകള്‍ മുറിച്ചുനീക്കുന്ന ജോലികള്‍ പകലും നടത്താനൊരുങ്ങുകയാണ് അധികൃതര്‍.
ഒരു സ്പാനിലെ മുഴുവന്‍ ഗര്‍ഡറുകളും നീക്കം ചെയ്തതോടെ തൂണുകളുടെ കോണ്‍ക്രീറ്റ് ജാക്കറ്റിങ്ങിനുള്ള പ്രാഭംഭ നടപടികളിലേക്കും അധികൃതര്‍ കടന്നുകഴിഞ്ഞു.
16 സ്പാനുകളിലായി പാലത്തിന് നൂറിലധികം ഗര്‍ഡറുകളാണുള്ളത്. ഇവ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു വിലയിരുത്തുന്നത്.