കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികളുടെ ലാപ്ടോപ്പും പണമിടപാടുകളും വിശദമായി പരിശോധിക്കുമെന്ന് വിജിലന്‍സ്. അന്വേഷണത്തിന്റെ ഭാഗമായി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ് ഉള്‍പ്പെടെയുള്ള പ്രതികളില്‍ നിന്നും ലാപ്ടോപ്പുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇവ തുറന്ന് പരിശോധിക്കാനുള്ള പാസ്വേര്ഡുകള് ലഭ്യമായിരുന്നില്ല.
ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്കു ജാമ്യം നല്കിയ കോടതി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പാസ്വേര്ഡ് അന്വേഷണ സംഘത്തിന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാല്‍ പ്രതികളില്‍ നിന്നും രഹസ്യ പിന്‍നമ്പറുകള്‍ വാങ്ങുമെന്നും വിശദമായ പരിശോധന നടത്തുമെന്നും പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ സമയത്ത് ടി.ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതടക്കമുള്ള വിവരങ്ങള്‍ ഇലക്ട്രോണിക്സ് ഉപകരങ്ങളും കേസിലെ മുഖ്യ ആസൂത്രകനായ ഒന്നാം പ്രതി സുമിത് ഗോയലുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധനയിലൂടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
ഇന്നലെയാണ് ടി.ഒ സൂരജ് അടക്കം മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഒന്നാം പ്രതിയും കരാര്‍ കമ്പനി ഉടമയുമായ സുമിത് ഗോയല്‍ രണ്ടാം പ്രതി ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന് എന്നിവര്‍ക്കാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.