കൊച്ചി: നിർമാണത്തിലെ ക്രമക്കേടുകളെത്തുടർന്ന് ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേൽപ്പാലം അറ്റകുറ്റപ്പണികൾക്കായി അടച്ച് ഒരുമാസം പിന്നിടുന്പോഴും തുറന്നു നൽകാത്തതിനെത്തുടർന്ന് പ്രദേശത്ത് ഗതാഗതകുരുക്ക് രൂക്ഷമാകുന്നു.
പണികൾ ഒരുമാസത്തിനകം പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്ന് നൽകുമെന്ന് പാലം നിർമാണത്തിനു മേൽനോട്ടം വഹിക്കുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരള(ആർബിഡിസികെ) നേരത്തെ അറിയിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ പാലം തുറന്നിട്ടില്ല.
പാലത്തിൽ നിലവിലുണ്ടായിരുന്ന ടാറിംഗ് ഇളക്കി പുതിയ ടാറിംഗ് നടത്തുക. ഡെക് കണ്ടിന്യൂവിറ്റി ടെക്നോളജിയിൽ നിർമിച്ച പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകൾ ഉറപ്പിക്കുക തുടങ്ങിയ ജോലികളാണ് നടക്കുന്നത്. അധ്യയന വർഷം ആരംഭിക്കാനിരിക്കെ വരുംദിവസങ്ങളിൽ പണികൾ പൂർത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ വാഹനതിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത.
നിലവിൽ വൈറ്റിലയിലും കുണ്ടന്നൂരും മേൽപ്പാലങ്ങളുടെ പണി നടക്കുന്നത് മൂലം രാവിലെയും വൈകിട്ടും പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നേരത്തെ പാലാരിവട്ടം കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ സിഗ്നലിൽനിന്ന് ഇടത്തു തിരിഞ്ഞ് സർവീസ് റോഡിലൂടെ സഞ്ചരിച്ച് ഹൈവേയിൽ പ്രവേശിച്ച് യുടേണ് എടുത്തായിരുന്നു യാത്ര തുടരേണ്ടിയിരുന്നത്.
എന്നാൽ രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ വാഹനകുരുക്ക് രൂക്ഷമായതോടെ വീണ്ടും ഗതാഗതം സിഗ്നൽ സംവിധാനത്തിലൂടെയാക്കുകയായിരുന്നു. ഇതും ഫലപ്രദമല്ലെന്ന് തെളിയിക്കുകയാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന വാഹനകുരുക്ക്. മണിക്കൂറുകളോളമുള്ള വാഹനങ്ങളുടെ നീണ്ട നിരയ്ക്കു പുറമെ പ്രദേശത്തെ പൊടിശല്യവും യാത്രക്കാരെയും സമീപത്തെ വ്യാപാരികളെയും വലയ്ക്കുകയാണ്.