കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻസെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ള നാലുപേരുടെയും ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.ഒന്നാംപ്രതി ആർഡിഎസ് എംഡി സുമിത് ഗോയൽ, രണ്ടാംപ്രതി ആർബിഡിസികെ മുൻ എജിഎം എം.ടി. തങ്കച്ചൻ, മൂന്നാംപ്രതി കിറ്റ്കോ ജോയന്റ് ജനറൽ മാനേജർ ബെന്നിപോൾ എന്നിവരാണു മൂവാറ്റുപുഴ സബ് ജയിലിലുള്ളത്.
ഓഗസ്റ്റ് 30-നാണ് ഇവർ അറസ്റ്റിലായത്. നാലാംപ്രതിയാണ് ടി.ഒ. സൂരജ്. ഇവരെ വിജിലൻസ് കസ്റ്റഡിയിൽ ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലിനോട് ചിലർ പൂർണമായും സഹകരിച്ചിരുന്നില്ലെന്ന് വിജിലൻസ് ആരോപിച്ചിരുന്നു. അതിനാൽ ജാമ്യാപേക്ഷയെ എതിർക്കുമെന്നാണറിയുന്നത്.
മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ അടക്കമുള്ളവരെ ചോദ്യംചെയ്യാനായി വീണ്ടും വിളിക്കുമെന്ന് വിജിലൻസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇബ്രാഹിംകുഞ്ഞിന് ഇന്ന് നോട്ടീസ് നൽകിയേക്കും. മുൻ മന്ത്രിക്കൊപ്പം കിറ്റ്കോയിലെയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലേയും ചില ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകും.
ഇബ്രാഹിം കുഞ്ഞിനെതിരേ കേസ് എടുക്കുന്നത് സംബന്ധിച്ച് വിജിലൻസ് നിയമോപദേശം തേടിയതായാണ് വിവരം.
കേസിൽ നേരത്തെ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് പുറത്ത് വിട്ട വിവരങ്ങൾ വിജിലൻസ് പ്രത്യേകം പരിശോധിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യാവലി തയാറാക്കിയാവും രണ്ടാംഘട്ട ചോദ്യം ചെയ്യൽ. പഴുതുകളടച്ചുള്ള ചോദ്യം ചെയ്യൽ വേണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചില ഫയലുകൾ വിജിലൻസ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാറുകാരന് മുൻകൂറായി 8.25 കോടി രൂപ നൽകാൻ മന്ത്രിയാണ് ഉത്തരവിട്ടതെന്നായിരുന്നു ടി.ഒ. സൂരജിൻറെ വെളിപ്പെടുത്തൽ.