കൊച്ചി: പാലാരിവട്ടം മേൽപ്പാലം പഞ്ചവടിപ്പാലം പോലെയാണോയെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനം. മേൽപ്പാലം അഴിമതിക്കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണു ജസ്റ്റീസ് പി. ഉബൈദ് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ വിശദീകരിച്ചു. ഹര്‍ജികള്‍ 24നു പരിഗണിക്കാനായി മാറ്റി.
ഒന്നു മുതല്‍ നാലുവരെ പ്രതികളായ സുമീത് ഗോയല്‍, കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പറേഷന് അസി. ജനറല്‍ മാനേജര്‍ എം.ടി. തങ്കച്ചന്, കിറ്റ്കോയുടെ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് എന്നിവര്‍ നല്കിയ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
നിര്‍മാണത്തിനു മേല്നോട്ടമുണ്ടായിരുന്നോയെന്നു ചോദിച്ച സിംഗിള്‍ബെഞ്ച് മേല്‍നോട്ടമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നും വാക്കാല്‍ പറഞ്ഞു. അന്വേഷണം എന്തായെന്ന കോടതിയുടെ ചോദ്യത്തിനു പുരോഗമിക്കുകയാണെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി. അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി, ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍, പ്രതികളുടെ പങ്കാളിത്തം എന്നിവ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സിനോടു കോടതി നിര്‍ദേശിച്ചു.
ഓഗസ്റ്റ് 30ന് അറസ്റ്റിലായ തങ്ങളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നെന്നും ഇനി ജയിലില്‍ കഴിയേണ്ട സാഹചര്യമില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പാലം നിര്‍മാണത്തിനായി മുന്‍കൂര്‍ തുക നല്‍കിയെന്നതാണ് തനിക്കെതിരേയുള്ള ആരോപണമെന്നു ചൂണ്ടിക്കാട്ടിയ ടി.ഒ. സൂരജ് പണം നല്കാന് സര്‍ക്കാരാണു തീരുമാനിച്ചതെന്നും താന്‍ ഉപകരണം മാത്രമാണെന്നും വ്യക്തമാക്കി. എന്തിനാണു പരസ്പരം പഴി ചാരുന്നതെന്ന കോടതിയുടെ ചോദ്യത്തിനു കുറ്റപ്പെടുത്തിയതല്ലെന്നും സര്‍ക്കാര്‍ പദവിയിലിരുന്നു സര്‍ക്കാർ തീരുമാനം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നും സൂരജ് പറഞ്ഞു.
മേൽപ്പാലം പൊളിച്ചു പണിയാന്‍ തീരുമാനിച്ചെന്നും പൊതുജീവിതം അപകടത്തിലാക്കുകയാണ് പ്രതികള്‍ ചെയ്തതെന്നും വിജിലന്‍സ് വിശദീകരിച്ചു. കേസില്‍ പ്രതികളുടെ പങ്കാളിത്തം വ്യക്തമാണ്. പ്രതികളുടെ പ്രവൃത്തികൊണ്ടു പാലം പൊളിക്കേണ്ടി വന്നെന്നും വിജിലന്‍സ് വിശദീകരിച്ചു.