കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കൂടുതല്‍ അന്വേഷണങ്ങൾക്കായി വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും. ഇന്നലെ പാലത്തില്‍ വിദഗ്ധ സംഘവുമായെത്തി വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് എന്‍ജിനീയര്‍മാരും തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജിലെ പ്രഫസര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.
സാമ്പിളുകള്‍ ശനിയാഴ്ച ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. പരിശോധന സംബന്ധിച്ച് സഹായം ആവശ്യമാണെങ്കില്‍ ഐഐടിയെ സമീപിക്കുമെന്നും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായത്തിനായി വിജിലന്‍സ് ഐജി കത്ത് നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍ പറഞ്ഞു.
പാലാരിവട്ടം പാലം 2016 ഒക്ടോബറിലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. എന്നാല്‍ 2017 ജൂലൈയില്‍ പാലത്തിനന്റെ ഉപരിതലത്തില്‍ കുഴികള്‍ രൂപപ്പെട്ടു. തുടര്‍ന്ന് ദേശീയപാത അഥോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിളളലുകള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം പൊതുമരാമത്ത് വകുപ്പും പിന്നീട് ചെന്നൈ ഐഐടിയും പഠനം നടത്തി.
ഐഐടി നിര്‍ദേശിച്ചിരിക്കുന്ന അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടിരിക്കുകയാണ്. ഡിസൈന്‍ അംഗീകരിച്ചത് മുതല്‍ മേല്‍നോട്ടത്തിലെ പിഴവ് വരെ പാലത്തിന്റെ ബലക്ഷയത്തിന് കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ. സാങ്കേതികപ്പിഴവാണ് പാലത്തിന്റെ ഉപരിതലത്തില്‍ ടാറിംഗ് ഇളകിപ്പോകാനും തൂണുകളില്‍ വിള്ളലുണ്ടാകാനും ഇടയാക്കിയതെന്നാണ് ഐഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.