കൊച്ചി: ബലക്ഷയം കണ്ടെത്തിയ പാലാരിവട്ടം മേൽപ്പാലത്തിൽ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പരിശോധന നടത്തി. ചെന്നൈ ഐഐടിയിലെ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തിയായിരുന്നു പരിശോധന. പാലത്തിന്റെ അടിഭാഗത്തും മുകൾഭാഗത്തുമായി മൂന്നു മണിക്കൂറോളമെടുത്താണ് സംഘം പരിശോധന നടത്തിയത്.
ഇതിനുശേഷം ഡിഎംആർസി ഓഫീസിൽ അവലോകന യോഗം ചേരുകയും ചെയ്തു. അതേസമയം, പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ശ്രീധരൻ തയാറായില്ല. ഇതിനിടെ പാലാരിവട്ടം മേൽപ്പാലത്തിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ശ്രീധരന്റെ ഉപദേശം തേടിയത്. പാലം പൊളിച്ച് നീക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക ശ്രീധരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.