കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിനു ബലക്ഷയമുണ്ടായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ കൂടുതൽ പേരിൽനിന്നു മൊഴിയെടുക്കാനുള്ള ഒരുക്കത്തിൽ വിജിലൻസ് സംഘം. പാലത്തിന്റെ നിർമാണച്ചുമതല വഹിച്ച റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ, കണ്സൾട്ടൻറായിരുന്ന കിറ്റ്കോ, കരാറെടുത്ത ആർഡിഎസ് കന്പനി എന്നിവയും വിജിലൻസ് അന്വേഷണ പരിധിയിൽവരും. ഇവയുടെ പ്രതിനിധികളിൽനിന്നും അധികൃതർ മൊഴിയെടുക്കും.
നിർമാണ സാമഗ്രികളുടെ ഗുണമേൻമ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടുന്ന സംഘം നിലവിൽ ഉയർന്നിട്ടുള്ള ആരോപണങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിക്കാനും എത്രയും വേഗം റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കാനുമുള്ള ഒരുക്കത്തിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ എറണാകുളം എസ്പി.കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പാലം സന്ദർശിച്ചു. സാ
ങ്കേതിക വിദഗ്ധരും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. എൻജിനീയർമാരിൽനിന്നും തൊഴിലാളികളിൽനിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. പാലവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളാണു പ്രധാനമായും സംഘം പരിശോധിക്കുന്നത്. അഴിമതി നടന്നിട്ടുണ്ടോയെന്ന കാര്യങ്ങൾ തുടർന്നുള്ള അന്വേഷണത്തിൽ പരിശോധിക്കും.
പാലത്തിന്റെ രൂപരേഖ, നിർമാണം എന്നിവയിൽ ഉൾപ്പെട്ട ആളുകളിൽനിന്ന് വിവരം ശേഖരിക്കുന്നതിനൊപ്പം ക്രിമിനൽ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. മദ്രാസ് ഐഐടിയിലെ വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് പാലം നിർമാണത്തിലെ പിഴവു കണ്ടെത്തിയത്. സാങ്കേതിക പിഴവാണ് പാലത്തിന്റെ ടാറിംഗ് ഇളകിപ്പോകാനും തൂണുകളിൽ വിള്ളൽ ഉണ്ടാകാനും കാരണമായതെന്ന് ഐഐടി റിപ്പോർട്ടിൽ പറയുന്നു.
രൂപഘടനയിലെ പാളിച്ച ബലക്ഷയത്തിനു കാരണമായെന്നും വേണ്ടത്ര സിമന്റും കന്പിയും ഉപയോഗിച്ചിട്ടില്ലെന്നും കോണ്ക്രീറ്റിന്റെ ഗുണമേൻമ കുറവായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരൻ പാലം സന്ദർശിച്ചിരുന്നു. പാലത്തിന്റെ രൂപരേഖ തയാറാക്കിയതു മുതലുള്ള കാര്യങ്ങളിലും നിർമാണത്തിലും മേൽനോട്ടത്തിലും ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.