തൃശൂർ: പാലരുവി എക്സ്പ്രസിന് നാലിടത്ത് താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചു. വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. ഇതോടെ തൃശൂരിൽ നിന്നു വൈകീട്ട് തെക്കോട്ടുള്ള ട്രെയിൻ യാത്രയ്ക്ക് സൗകര്യമേറി. സി.എൻ. ജയദേവൻ എംപി ഉൾപ്പെടെ നടത്തിയ സമ്മർദത്തെ തുടർന്നാണ് റെയിൽവേ നടപടി. ഇന്നു മുതൽ അടുത്ത 20 വരെ ശബരിമല സീസണ് പ്രമാണിച്ചാണ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെങ്കിലും ഇതു നീട്ടുമെന്നാണ് സൂചന.
നിലവിൽ തൃശൂരിൽ നിന്നു തെക്കോട്ടേക്ക് വൈകീട്ട് ഓഫീസ് സമയം കഴിയുന്ന വേളയിൽ ട്രെയിൻ സൗകര്യമില്ലെന്ന പരാതിക്കു നേരിയ പരിഹാരമാകുകയാണെന്ന് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാർ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് അസോസിയേഷൻ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു.
പാലക്കാട്-തിരുനെൽവേലി റൂട്ടിലോടുന്ന ട്രെയിനിനു എറണാകുളത്തിനു വടക്കോട്ട് സ്റ്റോപ്പുകൾ കുറവായിരുന്നു. ആലുവ, തൃശൂർ ഉൾപ്പെടെ ചുരുക്കം സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തിയിരുന്നത്. കഴിഞ്ഞ നവംബർ 15 മുതൽ കോട്ടയം പാസഞ്ചർ ട്രെയിനിന്റെ സമയം വൈകീട്ട് അഞ്ചേമുക്കാലിൽ നിന്ന് ആറരയാക്കിയതോടെ സ്ഥിരം യാത്രികർക്ക് ബുദ്ധിമുട്ടുണ്ടായി. മുക്കാൽ മണിക്കൂറോളം യാത്രയ്ക്കു കാത്തിരിക്കേണ്ട അവസ്ഥ.
പാലരുവിക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചതോടെ വൈകീട്ട് അഞ്ചരയ്ക്ക് തൃശൂരിൽ നിന്നുള്ളവർക്ക് അതിൽ കയറാമെന്ന സൗകര്യമാണ് ലഭിക്കുന്നത്. യാത്രക്കാർ കൂടുതലായി ഈ ട്രെയിനിൽ യാത്ര ചെയ്താൽ താൽക്കാലികമായി അനുവദിച്ച സ്റ്റോപ്പുകൾ സ്ഥിരമാക്കുമെന്നാണ് പ്രതീക്ഷ.
പാലരുവിയുടെ സ്റ്റോപ്പുകളും സമയക്രമവും
അങ്കമാലി – രാവിലെ 10.08ന്
ചാലക്കുടി – 10.22
ഇരിങ്ങാലക്കുട – 10.32
തൃശൂർ – രാവിലെ 11ന്
വടക്കാഞ്ചേരി – 11.17
തിരിച്ച് വൈകീട്ട് :
വടക്കാഞ്ചേരി – 5.08ന്
തൃശൂർ – 5.22
ഇരിങ്ങാലക്കുട – 5.41
ചാലക്കുടി – 5.50
അങ്കമാലി – 6.05