തൃശൂർ: പാലക്കാട് നിന്ന് തിരുനൽവേലി വരെ പോകുന്ന പാലരുവി എക്സ്പ്രസിന് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ ശബരിമല സീസണിൽ പാലരുവിക്ക് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെങ്കിലും ജനുവരി 20നു ശേഷം പാലരുവിക്ക് ചാലക്കുടിയിൽ സ്റ്റോപ്പില്ല.
2018 ഡിസംബർ 22 മുതലാണ് സ്റ്റോപ്പുണ്ടായിരുന്നത്. ചാലക്കുടിയിൽ നിന്ന് ആലുവ, എറണാകുളം ഭാഗത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കുമെല്ലാം നേരം ഇരുട്ടും മുന്പ് ആലുവയിലും എറണാകുളത്തുമെത്താൻ ഈ ട്രെയിൻ ഏറെ സഹായകമായിരുന്നു.
പാലക്കാട് നിന്ന് വൈകീട്ട് നാലിന് യാത്ര പുറപ്പെടുന്ന പാലരുവി തൃശൂരിൽ വൈകീട്ട് 5.22നാണ് എത്തുന്നത്. തൃശൂർ വിട്ടാൽ പിന്നെ ഇപ്പോൾ ഈ ട്രെയിനിന് സ്റ്റോപ്പ് ആലുവയിലാണുള്ളത്.തൃശൂർ ഭാഗത്ത് നിന്ന് മൂന്നുമണി കഴിഞ്ഞാൽ വൈകീട്ട് ആറിന് ശേഷമാണ് ചാലക്കുടിയിൽ സ്റ്റോപ്പുള്ള ട്രെയിനുള്ളതെന്ന് ചാലക്കുടി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി മാത്യു തോട്ടത്തിൽ പറഞ്ഞു.
ചാലക്കുടിയിൽ വൈകീട്ട് 6.40ന് എത്തേണ്ട പാസഞ്ചർ ട്രെയിൻ മിക്കദിവസവും 25 മിനുറ്റിൽ കൂടുതൽ വൈകാറുണ്ടെന്നും ഇവർ പരാതിപ്പെടുന്നു.പാലരുവിക്ക് ശബരിമല സീസണിൽ താൽക്കാലികമായി അനുവദിച്ച സ്റ്റോപ്പുകൾ എല്ലാം തന്നെ പുന:സ്ഥാപിക്കുകയാണെങ്കിൽ യാത്രക്കാർക്ക് അതേറെ സഹായകമാകുമെന്നും തൃശൂർ-എറണാകുളം റൂട്ടിലെ സ്ഥിരം യാത്രക്കാർ പറയുന്നു.
തൃശൂരിൽ നിന്ന് വൈകീട്ട് 5.25ന് പുറപ്പെട്ട് ചാലക്കുടിയിൽ 5.55നാണ് പാലരുവി എത്തുന്നത്. പാലരുവി എക്സ്പ്രസിന്റെ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചാലക്കുടി പാസഞ്ചേഴ്സ് അസോസിയേഷൻ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നൽകിയിട്ടുണ്ട്.