കോട്ടയം: സർക്കാർ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പ്രാബല്യത്തിൽ വന്നതോടെ കോട്ടയം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് ട്രെയിനിൽ വൻ തിരക്ക്.
പാലരുവിക്കുശേഷമുള്ള വേണാട് എക്പ്രസിൽ പോകാമെന്ന് കരുതിയാൽ ഓഫീസ് സമയം പാലിക്കാമെന്ന ഒരു ഉറപ്പുമില്ലാത്ത സാഹചര്യത്തിൽ ജോലിക്കാരൊന്നടങ്കം പാലരുവി എക്സ്പ്രസിലേക്ക് മാറിയതാണ് തിരക്ക് വർധിക്കാൻ കാരണമായത്.
പുലർച്ചെ 6.25 ന് കോട്ടയത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ നന്പർ 06444 കൊല്ലം -എറണാകുളം മെമുവും, 7.05 ന് കോട്ടയം എത്തിച്ചേരുന്ന ട്രെയിൻ നന്പർ 16791 തിരുനെൽവേലി -പാലക്കാട് പാലരുവിയും മാത്രമാണ് നിലവിൽ ഓഫീസ് സമയം പാലിക്കാൻ യാത്രക്കാർ ആശ്രയിക്കുന്നത്.
പാലരുവി കടന്നുപോയശേഷം ഒന്നരമണിക്കൂർ കഴിഞ്ഞാണ് കോട്ടയം പാതയിലുള്ള അടുത്ത ട്രെയിനായ വേണാട് എത്തുന്നത്.
ഇതോടെ പാലരുവിക്കും വേണാടിനും ഇടയിൽ കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് ഒരു മെമു സർവീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുകയാണ്.
പാലരുവി വളരെ നേരത്തെയും വേണാട് വളരെ വൈകിയുമാണ് കോട്ടയത്ത് എത്തിച്ചേരുന്നത്. രാവിലെ ഓഫീസിൽ എത്തിച്ചേരാൻ പാലരുവിയിൽ 8.10ന് തൃപ്പൂണിത്തുറയിൽ ഇറങ്ങി നേരം പോക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഏറ്റുമാനൂരിൽ പാലരുവിക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ 6.37 നുള്ള എറണാകുളം മെമു മാത്രമാണ് ഏറ്റുമാനൂരിൽനിന്നുള്ളവരുടെ ആശ്രയം.
ഇതുമൂലം സ്വകാര്യ കന്പനികളിൽ ജോലി നോക്കിയിരുന്ന നിരവധി സ്ത്രീകൾ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.