ജറുസലേം: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഗാസയിലെ ഹമാസ് തീവ്രവാദികൾക്കെതിരെ ഇസ്രയേൽ സൈന്യം കരയുദ്ധം തുടങ്ങി. ഗാസാ അതിർത്തിയിൽ ഇസ്രയേൽ ടാങ്കുകളെയും സൈന്യത്തെയും വിന്യസിച്ചു. വ്യോമ, കര പോരാട്ടം തുടങ്ങിയെങ്കിലും ഗാസയിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗാസ ഭരിക്കുന്ന ഹമാസ് തിങ്കളാഴ്ച രാത്രി റോക്കറ്റാക്രമണം നടത്തുകയും ഇസ്രയേൽ ശക്തമായി തിരിച്ചടിക്കാനും തുടങ്ങിയതോടെയാണ് സംഘർഷം രൂക്ഷമായത്.
വ്യാഴാഴ്ചയും ഹമാസ് തീവ്രവാദികൾ റോക്കറ്റാക്രമണം അഴിച്ചുവിട്ടതോടെ ഇസ്രയേൽ സൈന്യം ശക്തമായ പ്രത്യാക്രമണത്തിന് ഒരുങ്ങുകയായിരുന്നു. ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്കു തൊടുത്തത്.
2014നു ശേഷമുള്ള ഏറ്റവും വലിയ ഇസ്രേലി- പലസ്തീൻ സംഘർഷമായി ഇതു മാറിയിരിക്കുകയാണ്. ഗാസയിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും ഏഴ് പേർ ഇസ്രായേലിൽ മരിക്കുകയും ചെയ്തു.
അതിനിടെ ഇസ്രയേലിലുള്ള അറബ് വംശജർ നടത്തുന്ന പ്രതിഷേധങ്ങളും ആഭ്യന്തര കലാപത്തിന് തിരികൊളുത്തി. ഇതിനകം നാനൂറിലധികം പേർ അറസ്റ്റിലായി.
ആഭ്യന്തര കലാപം അടിച്ചമർത്താൻ സുരക്ഷാ സേനയെ ശക്തിപ്പെടുത്താൻ ഇസ്രേലി പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് ഉത്തരവിട്ടിട്ടുണ്ട്.
ഗാസയുമായുള്ള അതിർത്തിയിൽ ഇസ്രയേൽ സൈന്യത്തിന്റെ രണ്ട് കാലാൾപ്പട യൂണിറ്റുകളും ഒരു കവചിത വാഹനവും നിലയുറപ്പിച്ച് കഴിഞ്ഞു. കുറഞ്ഞത് 7,000 കരുതല്‍ സേനാംഗങ്ങളെയും വിളിച്ചിട്ടുണ്ട്.
വ്യോമാക്രമണം വെറും തുടക്കം മാത്രമാണെന്നാണ് ഇസ്രേലി പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് നേരത്തെ പറഞ്ഞത്. സംഘർഷം വർധിപ്പിക്കാനായാലും അവസാനിപ്പിക്കാനായാലും അതിനു തയാറാണെന്ന് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ടെലിവിഷൻ പ്രസംഗത്തിൽ പ്രതികരിച്ചിരുന്നു.
ഏത്രയും വേഗം സംഘർഷം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാകണമെന്ന് അന്താരാഷ്ട്ര സമൂഹം അഭ്യർഥിച്ചിട്ടുണ്ട്.യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെരസ് സ്ഥിതിഗതികളിൽ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.
പൂർണതോതിലുള്ള യുദ്ധത്തിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്ന് യുഎന്നിന്റെ പശ്ചിമേഷ്യാ സമാധാനദൂതൻ തോർ വെന്നസ്ലാൻഡ് മുന്നറിയിപ്പു നൽകുന്നത്.