ബെയ്റൂട്ട്: ലബനനിലെ പലസ്തീൻ അഭയാർഥി ക്യാന്പിലുണ്ടായ സംഘർഷത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടു. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫത്താ പ്രസ്ഥാനക്കാരും ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
മരിച്ചവരിൽ ഒരു ഫത്താ കമാൻഡറും ഉൾപ്പെടുന്നു. സീദോൻ നഗരത്തോടു ചേർന്നുള്ള ഐൻ എൽ ഹിൽവേ ക്യാന്പിൽ ശനിയാഴ്ച രാത്രി ഇസ്ലാമിസ്റ്റ് ഗ്രൂപ്പിൽപ്പെട്ടൊരാൾ കൊല്ലപ്പെട്ടതോടെയാണു സംഘർഷം ആരംഭിച്ചത്. വെടിയൊച്ചകളും സ്ഫോടനങ്ങളും കേട്ടു.
ഞായറാഴ്ച വെടിനിർത്തൽ ധാരണ ഉണ്ടായെങ്കിലും ഇന്നലെയും ഏറ്റുമുട്ടലുകളുണ്ടായി. ഒട്ടനവധിപ്പേർ ക്യാന്പിൽനിന്നു പലായനം ചെയ്തു.
1948ൽ സ്ഥാപിക്കപ്പെട്ട ക്യാന്പിൽ രജിസ്റ്റർ ചെയ്ത 63,000 പലസ്തീനികളുണ്ട്. ക്യാന്പിൽ പാർക്കുന്നവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണ്. ലബനന്റെ കീഴിലാണ് ക്യാന്പ് വരുന്നതെങ്കിലും ഇവിടെ എതിർചേരികൾ തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്.