കണ്ണൂർ: കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളല്ലാതെ ആരും പലസ്തീൻ ഐക്യദാർഢ്യം നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിന്. അത് ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കില്ല.
ഞങ്ങൾ അവിടെ റാലി നടത്തുകതന്നെ ചെയ്യും. ഇപ്പോൾ നിഷേധിച്ച വേദിയിൽതന്നെ നടത്തണോയെന്ന കാര്യത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും മാർക്സിസ്റ്റ് പാർട്ടിയും ഇങ്ങനെ ഒരു തീരുമാനം എടുത്തത് ദൗർഭാഗ്യകരമാണ്. പലസ്തീനിൽ നടക്കുന്ന കൂട്ടക്കൊലയ്ക്കെതിരായി കേരളത്തിലെ ജനങ്ങളെ അണിനിരത്തുന്ന കാര്യമാണ് കെപിസിസി ആവിഷ്കരിച്ചത്. അതിനെ എന്തിന് എതിർക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പരിപാടി നടക്കുന്നത് 25നാണ്. അതിന് ഇനിയും ഒത്തിരി സമയമുണ്ട്. എന്നിട്ടും ഈ റാലി വിലക്കുന്നത് വലിയ രാഷ്ട്രിയ ലക്ഷ്യത്തോടെയാണ്.അതൊന്നും നടക്കാൻ പോകുന്നില്ല.
പലസ്തീൻ വിഷയത്തിൽ ആശയക്കുഴപ്പമുള്ള പാർട്ടി സിപിഎമ്മാണ്. അങ്ങനെ അല്ലായിരുന്നെങ്കിൽ ശൈലജ ടീച്ചറെ തിരുത്താൻ പാർട്ടി തയാറാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
റാലിയിൽ ശശിതരൂരിനെ പങ്കെടുപ്പിക്കണമോയെന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കും. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനെ മത്സരിപ്പിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു.