വാഷിംഗ്ടൺ ഡിസി: ഗാസയിലെ പലസ്തീൻ ജനതയെ ഈജിപ്തിലേക്കു നിഷ്കാസനം ചെയ്യാനുള്ള മുന്നൊരുക്കങ്ങളാണ് ഇസ്രയേൽ നടത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസി (യുഎൻആർഡബ്ല്യുഎ) മേധാവി ഫിലിപ്പെ ലാസറീനി. അമേരിക്കയിലെ ലോസ് ആഞ്ചലസ് ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തിലാണു ലാസറീനിയുടെ ആരോപണം.
രണ്ടുമാസത്തിലധികമായി ഇസ്രേലി സേന നടത്തുന്ന ആക്രമണത്തിൽ സർവവും നഷ്ടപ്പെട്ട പലസ്തീൻ ജനത ഈജിപ്ത് അതിർത്തിയോടു ചേർന്ന റാഫായിലാണു തന്പടിക്കുന്നത്. പലസ്തീനികളെ ഈജിപ്തിലേക്കു മാറ്റാനാണ് ഇസ്രയേലിന്റെ നീക്കം.
വടക്കൻ ഗാസയിൽ ഇസ്രേലി സേന വ്യാപകമായി നാശം വിതച്ചത് ഇതിന്റെ ആദ്യഘട്ടമായിരുന്നു. ഇപ്പോൾ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ളവരെ ഈജിപ്ഷ്യൻ അതിർത്തിയിലേക്കു തള്ളിവിടുകയാണ്.
ഈ രീതി തുടർന്നാൽ രണ്ടാം നഖ്ബ സംഭവിക്കുകയും ഗാസ പലസ്തീനികളുടെ നാടല്ലാതായി മാറുകയും ചെയ്യും. 1948ലെ യുദ്ധത്തെത്തുടർന്നുണ്ടായ പലസ്തീൻ അഭയാർഥിപ്രവാഹത്തെയാണ് നഖ്ബ എന്നു വിളിക്കുന്നത്.