തിരുവനന്തപുരം: കാൻ ചലച്ചിത്ര വേദിയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി കനി കുസൃതി തണ്ണിമത്തൻ ബാഗുമായി എത്തിയത് വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെ ഇതാ പ്രവേശനോത്സവത്തിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തനുമായി നവാഗതരെ സ്വാഗതം ചെയ്ത് എസ്എഫ്ഐ. ‘അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർഥിത്വം, നവാഗതർക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ അച്ചടിച്ചത്.
സൈബറിടങ്ങൾ പോസ്റ്റർ ഏറ്റെടുത്തു. പോസ്റ്റർ വൈറലായതിനു പിന്നാലെ നിരവധി ആളുകൾ ഇതിനെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തി.
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും “ഓൾ ഐസ് ഓൺ റാഫ – എല്ലാ കണ്ണുകളും’ റാഫയിലേക്ക് എന്ന പോസ്റ്റർ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയ കാന്പയിനിൽ പങ്കുചേർന്നിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ റാഫയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും ഫോട്ടോ പ്രചരിച്ചതോടെയാണ് ‘എല്ലാ കണ്ണും റാഫയിൽ’ എന്ന പേരിൽ സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങിയത്.