കോഴിക്കോട്: ഇസ്രയേലിനെ ആക്രമിച്ചത് ഭീകരരാണെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍. താന്‍ എന്നും പലസ്തീന് ജനതയ്ക്ക് ഒപ്പമായിരുന്നെന്ന് തരൂര്‍ പ്രതികരിച്ചു.
തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ മനുഷ്യവകാശ റാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ഹമാസ് ഭീകരരാണ് ഇസ്രയേലിനെ ആക്രമിച്ചതെന്ന തരൂരിന്റെ പരാമർശം.
ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി.അതിന്റെ മറുപടിയായാണ് ഇസ്രയേല്‍ ഗാസയില്‍ ബോംബിംഗ് നടത്തി 6000 പേരെ കൊന്നതെന്ന് തരൂര്‍ പറഞ്ഞു. ഇസ്രേലി പ്രതികാരം അതിരുകടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്വാസം മുട്ടുന്ന അധിനിവേശ പ്രദേശമാണ് പലസ്തീന് . കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗാസയില്‍ നടക്കുന്നത്. ഇസ്രയേലില്‍ 1400 പേര് ബോംബാക്രമണത്തില്‍ മരിച്ചപ്പോള്‍ ഗാസയില്‍ ചത്തുവീണത് ആറായിരം പേരാണ്. 15 വര്‍ഷക്കാലം നടന്നതിനേക്കാള്‍ കടുത്ത ക്രൂരത 19 ദിവസം കൊണ്ട് ഉണ്ടായി.
അവിടേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും നിര്‍ത്തി. പെട്രോള്‍ വിതരണം തടഞ്ഞു. ആശുപത്രികള്‍ ആക്രമിക്കപ്പെടുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികള്‍ മരിച്ചുവീഴുന്നു.
യുദ്ധത്തിന് ചില അന്താരാഷ്ട്ര നിയമങ്ങളുണ്ട്. അതെല്ലാം ഇവിടെ ലംഘിക്കപ്പെട്ടു. മതം നോക്കിയല്ല ബോംബ് വീഴുന്നത്. ഭീകര ആക്രമണം രണ്ടുഭാഗത്തുനിന്നും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ആക്രമണം നിര്‍ത്തി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും തരൂർ പറഞ്ഞിരുന്നു.