കണ്ണൂർ: മതമൗലിക വാദികളുടെ താത്പര്യം അനുസരിച്ച് പാലത്തായി പീഡനക്കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പാലത്തായി കേസ് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്.
നേരത്തെ മൂന്നു സംഘം കേസ് അന്വേഷണം നടത്തിയപ്പോൾ തങ്ങൾക്കു വേണ്ട രീതിയിലല്ല അന്വേഷണ പുരോഗതിയെന്ന് മനസിലാക്കിയാണ് നാലാമത് സംഘത്തെ കേസ് ഏൽപിച്ചത്.
നേരത്തെ അന്വേഷണം നടത്തിയ മൂന്ന് സംഘങ്ങളും കണ്ടെത്തിയ തെളിവുകൾ നശിപ്പിക്കാനാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ശ്രമിക്കുന്നത്.
രാഷ്ട്രീയ നേട്ടത്തിനായി ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. മന്ത്രി കെ.കെ. ശൈലജയുടെ താത്പര്യപ്രകാരമാണ് പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ഈ സംഘത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ മുതൽ മിക്കവരും നേരത്തെ പോലീസിന്റെ വകുപ്പ് നടപടികൾക്ക് വിധേയരായവരും സിപിഎം പറയുന്നത് അനുസരിക്കുന്നവരുമാണ്. പീഡനത്തിന് ഇരയായ കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് തന്നെയാണ് ബിജെപിയുടെ ആവശ്യം.
എന്നാൽ ഇതിന്റെ പേരിൽ ആർക്കും നീതി നിഷേധിക്കരുത്. പാലത്തായി കേസിന്റെ പേരിൽ സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും എൻ. ഹരിദാസ് പറഞ്ഞു.
അന്വേഷണം സിബിഐയക്ക് കൈമാറണമെന്ന് ആവശ്യപ്പട്ട് ആരോപണ വിധേയനായ അധ്യാപകന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി കോടതിയെ സമീപിക്കുമെന്നും ഹരിദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി, ജില്ലാ ട്രഷറർ യു.ടി. ജയന്തൻ എന്നിവരും പങ്കെടുത്തു.