സ്വന്തം ലേഖകൻ
തലശേരി: പാലത്തായി പീഡനക്കേസിൽ പോലീസ് നടത്തിയ ഒത്തുകളിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേരളത്തിൽ ആദ്യമായാണ് പോക്സോ കേസിൽ ഭാഗികമായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കപ്പെടുന്നതെന്നും നിയമ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പെൺകുട്ടി നൽകിയ മൊഴികളിൽ തീയതികൾ ഇല്ലാതിരിക്കെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ മൊഴികളിൽ തീയതികൾ കടന്നുവന്നത് ദുരൂഹം.
പിന്നീട് 164 പ്രകാരം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴിയിലും തീയതികൾ കടന്നു വന്നു. മാത്രവുമല്ല അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടിലുടനീളം പെൺകുട്ടിയുടെ മൊഴിയിൽ സംഭവം നടന്ന ദിവസങ്ങളിൽ പ്രതിയുടെ സാന്നിധ്യം ഇല്ലായെന്ന് തെളിവുകൾ സഹിതം സമർഥിക്കുകയാണ് പോലീസ് ചെയ്തിട്ടുളളതെന്നും രേഖകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നുവെന്ന് നിയമരംഗത്തുള്ളവർ പറയുന്നു.
കേസ് ആദ്യം അന്വേഷിച്ച സിഐയുടെ ആസൂത്രിത നീക്കമാണ് മൊഴികളിൽ തീയതികൾ കടന്നു വരാൻ ഇടയായതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
പത്തു വയസ് മാത്രം പ്രായമുള്ള പെൺകുട്ടി തീയതികൾ ഓർമിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ ശാഠ്യം പിടിച്ചതായി സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും പറയുന്നു.
സർക്കാർ സർവീസിൽ കാൽ നൂറ്റാണ്ട് കാലം ക്ലിനിക്കൽ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചയാൾ കണ്ണൂരിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാനായിരിക്കെ അദ്ദേഹത്തെ മറികടന്ന് പെൺകുട്ടിയെ കോഴിക്കാട് കൊണ്ടുപോയി കൗൺസിലിംഗ് നടത്തിയ ലോക്കൽ പോലീസിന്റെ നടപടിയും ദുരൂഹതയുളവാക്കുന്നുണ്ട്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റായി 38 വർഷത്തെ സർവീസുള്ള ഇ.ഡി. ജോസഫ് ചെയർമാനായുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ പൂർണമായും അവഗണിച്ചു കൊണ്ടാണ് ലോക്കൽ പോലീസ് അന്വേഷണം നടത്തിയത്.
മാത്രവുമല്ല കോഴിക്കോട് വെച്ച് ആരോപണ വിധേയനായ മുൻ ഉദ്യോഗസ്ഥൻ പെൺകുട്ടിയെ കണ്ടതും അന്ന് വിവാദമായിരുന്നു. പെൺകുട്ടിയെ കോഴിക്കോട് കൊണ്ടുപോകുന്ന വിവരം സിഡബ്ല്യുസി അധികൃതരെ പോലീസ് അറിയിക്കുകയും ചെയ്തില്ല.
പോക്സോ കേസിൽ സമർപ്പിക്കപ്പെട്ട ഭാഗികമായ കുറ്റപത്രവും നിയമരംഗത്ത് ഏറെ ചർച്ചയായിരിക്കുകയാണ്. പോക്സ് കേസിൽ ഇത്തരത്തിലൊരു കുറ്റപത്രം കേട്ട് കേൾവി പോലുമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഭാഗിക കുറ്റപത്രത്തിമേൽ പോക്സോ കോടതിയിൽ പ്രഥമഘട്ട വാദം നടക്കാനുള്ള സാധ്യതയും വിദഗ്ധർ തളളിക്കളയുന്നില്ല. തുടരന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഇന്ന് ഹർജി നൽകും.
കേസിലെ പ്രതി കടവത്തൂർ കുറുങ്ങാട്ട് പത്മരാജന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടു അടുത്ത ദിവസം തന്നെ സർക്കാർ ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കും.
ഇതിനുവേണ്ട രേഖകൾ തലശേരി പോക്സോ കോടതിയിലെ സ്പെഷൽ പ്രോസിക്യൂട്ടർ ബീന കാളിയത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി.