തലശേരി: പാലത്തായിയിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചി മുറിയിൽ അധ്യാപകൻ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം പൂർത്തിയായി. കോസ്റ്റൽ എഡിജിപി ഇ. ജെ. ജയരാജൻ, ഡിവൈഎസ്പി രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് സംസ്ഥാന തലത്തിൽ തന്നെ ഏറെ വിവാദമായ പാലത്തായി കേസിന്റെ അന്വഷണം പൂർത്തിയാക്കിയത്.
തെളിവ് കണ്ടെത്തി
പെൺകുട്ടി പീഡനത്തിരയായതായി കണ്ടെത്തിയ അന്വഷണ സംഘം ഇതു സംബന്ധിച്ച ശസ്ത്രീയ തെളിവുകളും ശേഖരിച്ചു.
സ്കൂളിലെ ശുചി മുറിയിൽനിന്നു പൊളിച്ചെടുത്ത ടൈൽസിൽ രക്തക്കറയുള്ളതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. നിർണായകമായ ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചതോടെ അന്വഷണ സംഘം കുറ്റ പത്രം പൂർത്തിയാക്കുകയായിരുന്നു.
എഡിജിപി നേരിട്ടു മേൽ നോട്ടം വഹിച്ച കേസിൽ കുറ്റപത്രം ഡിജിപിയുടെ അനുമതിയോടെ അടുത്ത ദിവസംതന്നെ കോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്.
നേരത്തെ അന്വഷണം നടത്തിയ സംഘങ്ങൾ കണ്ടെത്തിയ ശുചി മുറിയിലല്ല പീഡനം നടന്നതെന്ന് എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലാണ് കേസിൽ നിർണായക വഴിത്തിരിവായത്.
ടൈൽസ് പൊട്ടിച്ചെടുത്തു
വിദ്യാലയത്തിലെ രണ്ട് ശുചി മുറികളിലെയും ടൈൽസ് പൊട്ടിച്ചെടുക്കുകയും മണ്ണ് ശേഖരിക്കുകയും ചെയ്ത പോലീസ് ഇവയെല്ലാം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി.
പീഡനത്തിനിടയിൽ രക്ത സ്രാവമുണ്ടായിയെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും ശുചിമുറിയിൽനിന്നു രക്ത സാമ്പിളുകൾ കണ്ടെത്താനായിരുന്നു ഫോറൻസിക് സംഘം പരിശോധന നടത്തിയത്.
വാതിലിനു കൊളുത്തുള്ള ശുചി മുറിയിൽ വച്ചും കൊളുത്തില്ലാത്ത ശുചി മുറിയിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി മൊഴി നൽകിയത്.
കൂട്ടുകാരുടെ മൊഴി
സ്കൂൾ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കെയാണ് പീഡന വിവരം പെൺകുട്ടി കൂട്ടുകാരികളോടു പറഞ്ഞതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കൂട്ടുകാരികളായ വിദ്യാർഥിനികളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.
ഈ വിദ്യാർഥിനികളുടെ മൊഴി നേരത്തെ അന്വേഷണം നടത്തിയ സംഘം ശേഖരിച്ചിരുന്നില്ല. തെളിവെടുപ്പിൽ മുൻ അന്വഷണ സംഘങ്ങളുടെ ചില കണ്ടെത്തലുകൾ പൂർണമായും തെറ്റാണെന്നു പുതിയ സംഘം വ്യക്തമാക്കിയിരുന്നു.
ബിജെപി നേതാവ് പ്രതി
പെൺകുട്ടിയെ അധ്യാപകനും പ്രാദേശിക ബിജെപി നേതാവുമായ കുനിയിൽ പദ്മരാജൻ സ്കൂളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയായ പദ്മരാജനെ തലശേരി ഡിവൈഎസ്പിയായിരുന്ന കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയും പ്രതി 90 ദിവസം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.
ലോക്കൽ പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്തിലുള്ള പ്രത്യേക സംഘം കേസ് ഏറ്റെടുത്തിരുന്നു. തുടർന്ന് ഐജിയുടെ ഫോൺ സംഭാഷണം പുറത്തായത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
ഇതിനു പിന്നാലെ പെൺകുട്ടിയുടെ അമ്മ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.