തലശേരി:പാനൂർ കടവത്തൂർ പാലത്തായിലെ നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചി മുറിയിൽ വെച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന പോക്സോയും ബലാത്സംഗ കുറ്റവും ചുമത്തി.
തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ രത്നകുമാർ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത്.
നേരത്തെ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ രണ്ട് വർഷം തടവ് ലഭിക്കാൻ മാത്രമുള്ള ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരുന്നത്.
ഇപ്പോൾ സമർപ്പിച്ചിട്ടുള്ള അനുബന്ധ കുറ്റപത്രം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.പി .പ്രേമരാജൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ചൈൽഡ് ലൈനിന് പെൺകുട്ടി നൽകിയ ആദ്യ മൊഴിയും വിശദമായ മെഡിക്കൽ റിപ്പോർട്ടുകളും പെൺകുട്ടിയുടേയും സുഹൃത്തുക്കളുടേയും മാതാവിന്റെയും ബന്ധുക്കളുടേയും മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയാണ് പോലീസ് തലശേരി പോക്സോ (ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ) കോടതിയിൽ കഴിഞ്ഞ ദിവസം അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
നേരത്തേയുള്ള അന്വഷണ സംഘങ്ങളുടെ സീൻ മഹസറല്ല അനുബന്ധ കുറ്റപത്രത്തിലുള്ളത്.കേസിലെ പ്രതി പത്മരാജൻ 90 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഇപ്പോൾ ജാമ്യത്തിലാണുള്ളത്. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
പാനൂർ പോലീസ് അന്വേഷിച്ച കേസിൽ പ്രതിയെ അന്നത്തെ തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിവരെ പോയെങ്കിലും അന്ന് ജാമ്യം കിട്ടിയിരുന്നില്ല. അറസ്റ്റിലായെങ്കിലും പത്മരാജന് സംഭവത്തിൽ പങ്കില്ലെന്നായിരുന്നു ലോക്കൽ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ.
ലോക്കൽ പോലീസിന്റെ അന്വേഷണവും നിഗമനങ്ങളും വിവാദമായതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിലെ ഡിറ്റക്ടിവ് ഇൻസ്പക്ടർ മധുസൂദനനാണ് തലശേരി കോടതിയിൽ കേസിന്റെ ഭാഗിക കുറ്റപത്രം നൽകിയത്.
പോക്സോ വകുപ്പ് ഉൾപ്പെടുത്താത്തത് വിവാദമായിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഇനി അനുബന്ധ കുറ്റപത്രം ഉണ്ടാവുമെന്നുമായിരുന്നു അന്ന് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഇതിനിടെ ഇരയ്ക്കും കുടുംബത്തിനും നീതി കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു .
ഇതേ തുടർന്നാണ് കോടതിയുടെ നിർദ്ദേശാനുസരണം സർക്കാർ എഡിജിപി കെ. ഇ. ജയരാജിന്റെ നേതൃത്വത്തിൽ രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും ഡിവൈഎസ്പി ടി.കെ.രത്നകുമാറും ഉൾപെട്ട പുതിയ പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏൽപിച്ചത്