തലശേരി: പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രവും പ്രതിക്ക് ജാമ്യം ലഭിച്ച സാഹചര്യവും സംസ്ഥാനത്ത് വന്‍ വിവാദമായിരിക്കെ ക്രൈംബ്രാഞ്ച് രണ്ടാംഘട്ട അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി.
പത്ത് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിക്കുമ്പോള്‍ കേസില്‍ പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം തെളിവില്ലെന്ന ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്.
കേസില്‍ പോക്സോ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചിട്ടു പോലും പോക്സോ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ഏറെ ദുരൂഹതയുളവാക്കിയിട്ടുണ്ടെന്ന് നിയമ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ സാഹചര്യത്തില്‍ കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമോ എന്ന കാര്യവും ബന്ധപ്പട്ടവര്‍ ആലോചിക്കുന്നുണ്ട്.
കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടും ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിനു പിന്നാലെ മാത്രമാണ് ക്രൈംബ്രാഞ്ച് സഞ്ചരിച്ചിട്ടുള്ളൂവെന്നാണ് കുറ്റപത്രത്തില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് നിയമ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
ലോക്കല്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ശരിയാണോയെന്ന പരിശോധന മാത്രമാണ് ഈ കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയിട്ടുള്ളൂ. സ്വന്തം നിലക്ക് അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കൃത്യമായ അന്വേഷണം നടന്നാല്‍ പോക്സോ വകുപ്പ് കുറ്റപത്രത്തില്‍ വരുമായിരുന്നുവെന്നും പ്രമുഖ അഭിഭാഷകന് രാഷ്ട്രദീപികയോട് പറഞ്ഞു.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചതെങ്കിലും എസ്പി സന്തോഷ് കേസില്‍ സജീവമായി ഇടപെട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
അദ്ദേഹത്തിന് കേസന്വേഷണത്തിന്റെ ചുമതല നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചതും കേസിനെ ഗൗരവത്തില്‍ ആഭ്യന്തര വകുപ്പ് കണ്ടിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്.
പാലത്തായി കേസ് സംസ്ഥാന തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുള്ളത്.