സ്വന്തം ലേഖകൻ
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ഇടപെടാൻ സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയായ സാഹചര്യം പരിശോധിക്കുമെന്ന് പറഞ്ഞതിനു പിന്നാലെ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ വീട്ടിൽ സിപിഎം നേതാവ് പി. ജയരാജൻ ഇന്നലെ സന്ദർശനം നടത്തി.
പ്രതിക്കെതിരേ പോക്സോ ഒഴിവാക്കിയതിനെതിരേ ശക്തമായ വിമർശനം സിപിഎമ്മിനെതിരേയും സർക്കാരിനെതിരേയും ഉയർന്നിരുന്നു. സർക്കാരിന്റെയും പാർട്ടിയുടെയും നിലപാട് വിശദീകരിക്കാനാണ് പി.ജയരാജൻ എത്തിയതെന്നാണ് സൂചന. പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച ശേഷം അന്തിമ കുറ്റപത്രത്തിൽ പോക്സോ ഉൾപ്പെടെ ചുമത്തുമെന്നും ഉറപ്പു നല്കിയതായി സൂചനയുണ്ട്.
ബിജെപി നേതാവ് പത്മരാജനെതിരേയുള്ള പരാതിയിൽ ഉറച്ചു നില്ക്കുന്നതായി പെൺകുട്ടിയുടെ വീട്ടുകാർ ജയരാജനോട് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും പ്രതിഷേധ സ്വരം ഉയർന്നാൽ സിപിഎമ്മിനും സർക്കാരിനും വലിയ ക്ഷീണമാകും.
പാലത്തായി പീഡനക്കേസ് യുഡിഎഫ് സിപിഎമ്മിനും സർക്കാരിനുമെതിരേയുള്ള പ്രചാരാണായുധമാക്കിയിരുന്നു. സിപിഎമ്മും-ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന്റെ പിന്നിലെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേയും വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തലശേരി, പാനൂർ, കൂത്തുപറന്പ് മേഖലയിലെ സിപിഎം പ്രവർത്തകർക്കിടയിലും പ്രതിക്ക് ജാമ്യം ലഭിച്ചത് ഏറെ അവമതിപ്പ് ഉണ്ടാക്കിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പാലത്തായി പീഡനക്കേസിൽ സിപിഎം ഇടപെടുന്നത്.