തലശേരി: പാലത്തായി പീഡനക്കേസില്‍ ദുരൂഹതയേറുന്നു. കേസന്വേഷണം ക്രൈംബ്രാഞ്ച് എറ്റെടുത്ത ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് ലോക്കല്‍ പോലീസിലെ ഉദ്യോഗസ്ഥ. അന്വേഷണം സംബന്ധിച്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിച്ച ശേഷവും ലോക്കല്‍ പോലീസ് സാന്നിധ്യം പ്രോസിക്യൂഷന് കണ്ടെത്തിയിട്ടുള്ളത്.
ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. എന്നിട്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടയില്‍ മൊഴിയെടുക്കാന്‍ ലോക്കല്‍ പോലീസില്‍ നിന്നും ഉദ്യോഗസ്ഥ എത്തിയത് ദുരൂഹതയുളവാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ സംഘത്തില്‍ വനിത ഐപിഎസ് ഓഫീസറെ ഉള്‍പ്പെടുത്തണമെന്ന വാദം ഇന്നലെ പോക്സോ കോടതി അംഗീകരിച്ചു. കേസില്‍ തുടരന്വേഷണത്തിന് ഇന്നലെ പോക്സോ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഡിസ്ട്രിക് ഗവൺമെന്റ് പ്ലീഡർ ബി.പി. ശശീന്ദ്രനാണ് ഇന്നലെ പോക്സോ കോടതിയില്‍ ഇതു സംബന്ധിച്ച ഹർജി നല്‍കിയത്.
സാധാരണ പോക്സോ കോടതിയില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാണ് ഹാജരാകുന്നത്. എന്നാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ഡിസ്ട്രിക്ട് ഗവണ്മെന്റ് പ്ലീഡര്‍ തന്നെ തുടരന്വേഷണ ഹർജിയുമായി കോടതിയിലെത്തിയത്.
ഹൈക്കോടതിയിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അംബികാ ദേവിക്ക് പകരം സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുമന് ചക്രവര്‍ത്തിയാണ് ഹാജരാകുന്നത്. പെൺകുട്ടിയുടെ മൊഴി അര ഡസന്‍ തവണയാണ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരു പത്ത് വയസുകാരിയുടെ മൊഴി ഇത്രയേറെ തവണ രേഖപ്പെടുത്തത് തന്നെ ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കേസന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകളുള്ളതായി ഗവണ്മെന്റ് പ്ലീഡർ ഇന്നലെ പോക്സോ കോടതിയില്‍ പറഞ്ഞു.
പൊതു സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കേസായതിനാലും അന്വേഷണത്തെ ബാധിക്കുമെന്നതിനാലും വീഴ്ചകളോരോന്നും ചൂണ്ടിക്കാട്ടുന്നില്ലെന്നും ഗവൺമെന്റ് പ്ലീഡര്‍ കോടതിയില്‍ വ്യക്തമാക്കി.