തലശേരി: പാലത്തായി പീഡനക്കേസിൽ ബാലവകാശ കമ്മീഷൻ അന്വേഷണം ഊർജിതമാക്കി. ഇന്നലെ തലശേരി ജില്ലാ കോടതി കോംപ്ലക്സിലെ ബൈ സെന്റിനറി ഹാളിൽ നടത്തിയ സിറ്റിംഗിൽ കേസ് ആദ്യം അന്വേഷിച്ച സിഐ ശ്രീജിത്തിൽ നിന്നും കമ്മീഷൻ മൊഴി രേഖപ്പെടുത്തി.
പീഡനത്തിനിരയായിട്ടുള്ള പെൺകുട്ടിയേയും അമ്മയേയും സന്ദർശിച്ച ശേഷമാണ് കമ്മീഷൻ സിറ്റിംഗ് നടത്തിയത്. ചൈൽഡ് ലൈനിനും ആദ്യം പോലീസിന് നൽകിയ മൊഴികളിലുമില്ലാത്ത തീയതികൾ പിന്നീട് എങ്ങനെ കടന്നു വന്നുവെന്നത് ദുരൂഹമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇത്തരം കേസുകളിൽ തീയതി ഒരു പ്രശ്നമല്ലെന്നിരിക്കെ തീയതിയുടെ പേരിൽ കേസ് ദുർബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് രാഷ്ട്രദീപികയോട് പറഞ്ഞു.
പോലീസ് അന്വേഷണത്തിലെ കള്ളങ്ങൾ
പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നതും കേസിനെ ദുർബലപ്പെടുത്തുന്നതുമായ പല കാര്യങ്ങളും പച്ചക്കള്ളങ്ങളാണെന്ന് ഇന്നലത്തെ പ്രാഥമികാന്വേഷണത്തിൽ തന്നെ കമ്മീഷന് ബോധ്യപ്പെട്ടതായി അറിയുന്നു.
പീഡനത്തെ തുടർന്നാണ് പെൺകുട്ടിക്ക് രക്ത സ്രാവമുണ്ടായത്. എന്നാൽ മറിച്ചുള്ള റിപ്പോർട്ടാണ് പോലീസ് നൽകിയിട്ടുള്ളതെന്ന് പെൺകുട്ടിയുടെ അമ്മ കമ്മീഷനിലെ വനിതാ അംഗത്തോട് പറഞ്ഞു.
അന്വേഷണ സംഘങ്ങൾ ഞങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല. മാഷ് സ്ഥലത്തില്ലാത്ത തീയതികൾ മനപൂർവം കടന്നു വന്നിട്ടുള്ളതാണ്. കേസെടുത്ത ശേഷം പെൺകുട്ടി പോലീസിനൊപ്പം തന്നെയാണുണ്ടായിരുന്നത്. തീയതികൾ വന്നത് അപ്പോഴാണ്.
നന്നായി പഠിക്കുന്ന കുട്ടിയാണ്. മൊഴികൾ മാറ്റിപ്പറയുന്നുവെന്നതും പോലീസ് സൃഷ്ടിയാണെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ കമ്മീഷനോട് പറഞ്ഞു.
ഇന്നലെ രാവിലെ 9.30 നാണ് കമ്മീഷൻ ചെയർമാൻ അഡ്വ.കെ.വി.മനോജ് കുമാറും കമ്മീഷൻ അംഗം ശ്യാമളാ ദേവിയും പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂർ സമയം വീട്ടിൽ ചിലവഴിച്ച് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
കേസന്വഷണം തൃപ്തികരമല്ലെന്നും എല്ലാവരും കുടുംബത്തെ അവിശ്വസിക്കുകയാണെന്നും അമ്മയും മകളും ബോധിപ്പിച്ചതായി കമ്മീഷൻ ചെയർമാൻ പറഞ്ഞു.
നിലവിൽ കേസ് കൈകാര്യം ചെയ്യുന്ന ക്രൈംബ്രാഞ്ച് സി.ഐ. ടി. മധുസൂദനനിൽ നിന്നും കമ്മീഷൻ മൊഴി രേഖപ്പെടുത്തി.കുട്ടിയുടെ കുടുബത്തിന്റെ ദയനീയാവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുക്കും
പാലത്തായി പീഡനക്കേസ് സംബന്ധിച്ച് നേരത്തെ തന്നെ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മറ്റ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വരും ദിവസങ്ങളിൽ കമ്മീഷൻ മൊഴി രേഖപ്പെടുത്തും.
നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ ശുചി മുറിയിൽ വെച്ച് അധ്യാപകൻ കഴിഞ്ഞ ജനുവരി മുതൽ പീഡിപ്പിച്ചുവെന്നാണ് കേസ്. കേസിൽ പ്രതിയായ അധ്യാപകനായ കടവത്തൂർ കുറുങ്ങാട്ടെ കുനിയിൽ പത്മരാജനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
പ്രതി ഇപ്പോൾ ജാമ്യത്തിലാണുള്ളത്. പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസന്വേഷണം സംബന്ധിച്ച് ഐജി നടത്തിയ ഫോൺ സംഭാഷണവും വിവാദമായിരുന്നു.