തലശേരി: പാലത്തായിയിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ച കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ആസൂത്രിത നീക്കം നടന്നതായി സൂചന.
എഡിജിപി ജയരാജിന്റെ മേൽനോട്ടത്തിൽ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസിന്റെ നാൾ വഴികളിൽ നടന്നിട്ടുള്ള ആസൂത്രിത നീക്കങ്ങൾ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.
അട്ടിമറി സംഭവങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പിന് ലഭിച്ച രഹസ്യ റിപ്പോർട്ടിന് പിന്നാലെ തളിപ്പറമ്പ് ഡിവൈഎസ്പി രത്നകുമാറിന്റെ നേതൃത്വത്തിൽ പുതിയ പോലീസ് സംഘം കേസന്വേഷണം ഊർജിതമാക്കി. കേസിന്റെ അവലോകന യോഗം ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിൽ നടക്കും.
ഏറെ വിവാദമായ ഈ കേസിൽ വളരെ ശ്രദ്ധയോടെയാണ് പുതിയ അന്വേഷണ സംഘം മുന്നോട്ട് നീങ്ങുന്നത്. കേസ് അന്വേഷിച്ച പാനൂർ സിഐ മുതൽ ക്രൈംബ്രാഞ്ച് ഐജിവരെയുളളവർ വിവാദത്തിലകപ്പെട്ട പാലത്തായി കേസിന്റെ ഇനിയുള്ള നാൾ വഴികളും
ഏറെ ശ്രദ്ധിക്കപ്പെടുമെന്നതിനാൽ ജാഗ്രതയോടെയാണ് പുതിയ സംഘവും മുന്നോട്ട് നീങ്ങുന്നത്. ഐജി എസ്. ശ്രീജിത്തും എഎസ്പി രേഷ്മ രമേഷും ഉൾപ്പെടെ രണ്ട് ഐപിഎസുകാരും തലശേരി ഡിവൈഎസ്പിയായിരുന്ന കെ.വി. വേണുഗോപാലും ഉൾപ്പെടെയുള്ള വിവിധ സംഘങ്ങളും അന്വേഷിച്ച കേസാണ് ഇപ്പോൾ വീണ്ടും പുതിയ സംഘം അന്വേഷിക്കുന്നത്.
കൂത്തുപറമ്പ് സിഐ വിനു മോഹൻ, മട്ടന്നൂർ സിഐ എം.കൃഷ്ണൻ. തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലെ എസ്ഐ എൻ.കെ ഗിരീഷ്, സീനിയർ സിപിഒ മാരായ ശരണ്യ, ലതിക എന്നിവരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്.
കേസന്വേഷണത്തിന് വേഗത കൂട്ടി ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകനും പ്രാദേശിക ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ സ്കൂളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
പ്രതിയായ പത്മരാജനെ തലശേരി ഡിവൈഎസ്പിയായിരുന്ന കെ.വി വേണുഗോപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയും പ്രതി 90 ദിവസം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.
ലോക്കൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്തിലുള്ള പ്രത്യേക സംഘം കേസ് ഏറ്റെടുത്തതിനെ തുടർന്ന്
ഐജിയുടെ ഫോൺ സംഭാഷണം പുറത്താകുകയും ഇത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്.