തലശേരി: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ അധ്യാപകൻ പീഡിപ്പിച്ചുവെന്ന കേസിൽ തെളിവ് ശേഖരിക്കാൻ കഴിയാതെ ക്രൈംബ്രാഞ്ച് സംഘം.
ഏറെ വിവാദമായ ഈ കേസിൽ ഇരക്ക് നീതി ലഭിക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ യുഡിഎഫ് നീക്കമാരംഭിച്ചു. ഇതിനിടയിൽ ഈ കേസിലെ ജാമ്യഹർജി പരിഗണിച്ച സംഭവത്തിൽ ഹൈക്കോടതിയിലെ ന്യായാധിപൻ ചീഫ് ജസ്റ്റിസിന് പരാതി നൽകിയ വിവരവും പുറത്ത് വന്നു.
പീഡനക്കേസിൽ ജാമ്യ ഹർജി പരിഗണിക്കുകയും കേസ് ഡയറി പരിശോധിക്കുകയും ചെയ്ത ന്യായാധിപനിൽ നിന്ന് കേസ് മാറ്റുകയും മറ്റൊരു ന്യായാധിപൻ വിധി പറയുകയും ചെയ്തതാണ് ഇപ്പോൾ വിവാദമായിട്ടുള്ളത്.
മനോരോഗ വിദഗ്ധന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും തെളിവ് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം തീർത്തും വഴിമുട്ടിയിരിക്കുകയാണ്. പെൺകുട്ടിക്ക് സൈക്കോ സോഷ്യൽ സപ്പോർട്ട് നൽകണമെന്ന നിർദ്ദേശം മാത്രമാണ് സർക്കാർ നിയോഗിച്ച മനോരോഗ വിദഗ്ധൻ ക്രൈംബ്രാഞ്ചിന് നൽകിയ റിപ്പോർട്ടിലുള്ളത്.
അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയ കണ്ണൂർ നർക്കോട്ടിക് സെൽ എഎസ്പി രേഷ്മ രമേശും ഇപ്പോൾ അന്വേഷണ സംഘത്തിൽ സജീവമല്ല. ഇതിനിടയിൽ ഇരക്ക് നീതി തേടി രൂപീകരിച്ച ആക്ഷൻ കമ്മറ്റി പിരിച്ചു വിടാനും നീക്കം നടക്കുന്നുണ്ട്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തിയതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു.