തലശേരി: പാലത്തായി പീഡനക്കേസിൽ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.കേസിലെ പ്രതിയായ കടവത്തൂര്‍ കുറുങ്ങോട്ട് പത്മരാജന് അറസ്റ്റിലാകുന്നതിന് ഒരാഴ്ച മുമ്പ് തന്നെ പ്രതിയുടെ ഫോണ്‍ പാനൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ കയ്യില്‍ പ്രതി തന്നെ എത്തിച്ചതായുള്ള വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ചൈല്‍ഡ് വെൽഫെയർ കൗൺസിലറിന് കൊടുത്ത മൊഴിക്ക് വിരുദ്ധമായി 164 പ്രകാരം മജിസ്ട്രേറ്റിന് പെണ്‍കുട്ടി നല്കിയ മൊഴിയില്‍ തീയതികള്‍ കടന്നു വന്നത് ആസൂത്രിതമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ.
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ പാനൂർ സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇതിനുപുറമേ കേസിൽ തീവ്രവാദസംഘടനകളുടെ ഇടപെടൽ സംബന്ധിച്ചും പ്രത്യേകമായി അന്വേഷിക്കുന്നുണ്ട്.
ഭാഗിക കുറ്റപത്ര സമർപ്പണത്തിന് ശേഷം ഐജി എസ്.ശ്രീജിത്തിന്റെയും പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലും തീവ്രവാദ പോസ്റ്റുകളിടുകയും കൊലവിളി നടത്തുകയും ചെയ്ത സംഘത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം ഇന്നലെ പാലത്തായിയിലെത്തി പ്രദേശവാസികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.കണ്ണൂര്‍ നര്‍ക്കോട്ടിക് സെല്‍ ചുമതലയുള്ള രേഷ്മ രമേശ് ഐപിഎസിനെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു.
രേഷ്മ ഐപിഎസിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഓഫീസേഴ്സും കൗണ്‍സിലേഴ്സും ക്ലിനിക്കല്‍ സൈക്കളോജിസ്റ്റുകളുമടങ്ങുന്ന സംഘം പെണ്‍കുട്ടിയുമായി ആശയ വിനിമയം നടത്തും.
ക്രൈംബ്രാഞ്ച് സംഘം തലശേരി റസ്റ്റ് ഹൗസില്‍ ക്യാമ്പ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. എല്ലാം ദിവസവും കേസിന്റെ പുരോഗതി ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തും.
ഇന്നലെ പാലത്തായിയിലെത്തിയ ഐജി എസ്. ശ്രീജിത്ത്, എസ്പി കെ.വി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആക്ഷന്‍ കമ്മറ്റി ഭാരവാഹിയുടെ വീട്ടില്‍ തമ്പടിച്ച് കേസിന്റെ നിലവിലെ സ്ഥിതി നാട്ടുകാരെ ബോധ്യപ്പെടുത്തി.
പെണ്‍കുട്ടിയുടെ അമ്മാവനുള്‍പ്പെടെ ബന്ധുക്കളുമായും ഐജിയും സംഘവും സംസാരിച്ചു. പിന്നീട് മാഹി ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ തങ്ങിയ സംഘം കേസിന്റെ ഇതുവരെയുളള്ള അന്വേഷണ പുരോഗതി വിലയിരുത്തി.ഡിസ്ട്രിക് ഗവണ്മെന്റ് പ്ലീഡര്‍ ബി.പി ശശീന്ദ്രനുമായി ഐജി കേസിന്റെ വിവിധ വശങ്ങള് ചര്‍ച്ച ചെയ്തു.
പാനൂര്‍ പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് പോലീസുകാരടങ്ങിയ സംഘം ആസൂത്രിതമായി നടത്തിയ നീക്കമാണ് കേസിന്റെ ഗതി മാറ്റിയതെന്നും നാട്ടുകാര്‍ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു.
ഐജിയുടെ സന്ദര്‍ശനവും വനിത ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിന്റെ രൂപീകരണവും കേസില്‍ കൂടുതല്‍ സമഗ്രമായ അന്വേഷണത്തിന് വഴി തുറക്കുമെന്നാണ് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി മണ്ഡലം എംഎല്‍എ കൂടിയായ മന്ത്രിയായ കെ.കെ ശൈലജ ടീച്ചറുടെ വിളിയുമെത്തി.
‘പേടിക്കേണ്ട സര്‍ക്കാര്‍ ഒപ്പമുണ്ട് കുറ്റവാളി ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും’ മന്ത്രി കുടുംബത്തിന് ഉറപ്പ് നല്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തി.