തലശേരി: പാലത്തായിയിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് ഡിവൈഎസ്പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവം നടന്ന വിദ്യാലയത്തിൽ ഏഴ് മണിക്കൂർ നീണ്ടു നിന്ന ശാസ്ത്രീയ തെളിവെടുപ്പ് നടത്തി.
ഇന്നലെ രാവിലെ പത്തിനാരംഭിച്ച തെളിവെടുപ്പ് വൈകുന്നേരം അഞ്ചുവരെ നീണ്ടു നിന്നു. സ്കൂൾ പൂർണമായും പോലീസ് വലയത്തിലാക്കിയായിരുന്നു തെളിവെടുപ്പ്.
സയന്റിഫിക് അസിസ്റ്റന്റ് ഉൾപ്പെടെ പങ്കെടുത്ത തെളിവെടുപ്പ് പൂർണമായും വീഡിയോയിൽ പകർത്തുകയും ചെയ്തു.
ഇന്നലെ നടന്ന ശാസ്ത്രീയമായ തെളിവെടുപ്പിൽ മുൻ അന്വേഷണ സംഘങ്ങളുടെ ചില കണ്ടെത്തലുകൾ പൂർണമായും തെറ്റാണെന്നു തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ വ്യക്തമായതായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോടു പറഞ്ഞു.
ശുചിമുറി കാണില്ല
ശുചിമുറിയിൽ പീഡനം നടന്നാൽ തൊട്ടടുത്ത ക്ലാസ് മുറിയിലെ കുട്ടികളും അധ്യാപകരും കാണുമെന്നതായിരുന്നു മുൻ അന്വേഷണ സംഘങ്ങളുടെ കണ്ടെത്തൽ.
എന്നാൽ ഇതു തീർത്തും തെറ്റായ നിഗമനമാണെന്നാണ് പുതിയ അന്വേഷണ സംഘത്തിന്റേത്. ഇതിന്റെ ഭാഗമായി പീഡന ദിനങ്ങളിലെ സംഭവങ്ങൾ ഇന്നലെ സ്കൂളിൽ പുനരാവിഷ്കരിച്ചു.
സ്കൂൾ കുട്ടികളെ ക്ലാസ് മുറിയിലിരുത്തി ക്ലാസെടുക്കുകയും ഈ സമയത്ത് ശുചിമുറിയിലേക്ക് ആളുകൾ പോകുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഇതേ സ്കൂളിലെ ആറ് വിദ്യാർഥികളെയാണ് ക്ലാസ് മുറിയിൽ ഇരുത്തിയത്.
വനിത എസ്ഐ ശരണ്യ, എസ്ഐ രമേശൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്നരവരെ ക്ലാസ് പുനഃരാവിഷ്കരിച്ചു.
ഈ സമയത്തിനുള്ളിൽ അന്വേഷണ സംഘത്തിൽപ്പെട്ട പത്ത് ഉദ്യോഗസ്ഥർ വിവിധ സമയങ്ങളിൽ ശുചി മുറിയിലേക്കു പോയി. എന്നാൽ ഇവരെ ആരേയും ക്ലാസിലിരുന്ന ഒരു വിദ്യാർഥി പോലും കണ്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോടു പറഞ്ഞു.
ഈ രംഗങ്ങളെല്ലാം പൂർണമായും വിഡിയോയിൽ പകർത്തിയിട്ടുമുണ്ട്. മാത്രവുമല്ല ക്ലാസ് മുറിയിൽനിന്ന് ശുചിമുറി സ്ഥിതി ചെയ്യുന്നത് രണ്ടര മീറ്റർ അകലത്തിലും ഇതേ അളവിൽ താഴ്ചയിലുമാണ്.
അധ്യാപകരുടെ ശുചി മുറിയും വിദ്യാർഥികളുടെ ശുചി മുറിയും ഒരു മീറ്റർ വ്യത്യാസത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും സ്കൂളിൽ നടന്ന തെളിവെടുപ്പിൽ വ്യക്തമായിട്ടുണ്ട്.
നിർണായക സൂചനകൾ
സ്റ്റാഫ് മുറിയിൽ നിന്നോ പ്രധാന അധ്യാപികയുടെ മുറിയിൽ നിന്നോ കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുന്നതോ ശുചി മുറിയിൽ പോകുന്നതോ കാണുകയില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ശുചി മുറിയിൽ പീഡനം നടന്നാൽ ഇത്തരത്തിൽ എല്ലാ ഭാഗത്തുനിന്നും കാഴ്ചയെത്താമായിരുന്നു എന്നാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലരുടെ നിഗമനം. ഇതും അടിസ്ഥാന രഹിതമാണെന്ന്് പുതിയ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ ഇന്നലെത്തെ തെളിവെടുപ്പ് ഈ കേസിൽ നിർണായകമായി മാറിക്കഴിഞ്ഞു. മാത്രവുമല്ല പെൺകുട്ടിയെ മാനസിക വിഭ്രാന്തിയുള്ള കുട്ടിയായി ചിത്രീകരിച്ചതിലും അസ്വഭാവിക കടന്നു വന്നിട്ടുള്ളതായി അന്വേഷണ സംഘം സൂചന നൽകുന്നു.
സംഭവത്തിൽ ആദ്യം മൊഴിയെടുത്ത ഉദ്യോഗസ്ഥൻ പെൺകുട്ടി തന്റെ അനുഭവങ്ങൾ വിവരിച്ചപ്പോൾ വിശ്വസിക്കാതിരുന്നതും തുടർന്നു താൻ പറയുന്നത് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ലായെന്നു പറഞ്ഞു പെൺകുട്ടി പൊട്ടിക്കരഞ്ഞതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
എഡിജിപി ജയരാജന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. ഈ കേസിന്റെ അന്വേഷണത്തിൽ മുൻ ഉദ്യോഗസ്ഥർ ഏറ്റവും നിർണായകമായി പറഞ്ഞിരുന്ന സംഭവ സ്ഥലം സംബന്ധിച്ച വിലയിരുത്തലുകളാണ് പുതിയ അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലൂടെ തിരുത്തപ്പെടുന്നത്.
ഇത് കേസിൽ ഏറെ നിർണായകമായി മാറും. കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ആസൂത്രിത നീക്കം നടന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു.
കൂത്തുപറമ്പ് സിഐ വിനു മോഹൻ, മട്ടന്നൂർ സിഐ എം. കൃഷ്ണൻ, തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലെ എസ്ഐ എൻ.കെ. ഗിരീഷ്, സീനിയർ സിപിഒമാരായ ലതിക എന്നിവരും അന്വേഷണ സംഘത്തിലുള്ളത്. പെൺകുട്ടിയെ അധ്യാപകനും പ്രാദേശിക ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ സ്കൂളിൽ പീഡിപ്പിച്ചുവെന്നാണ് കേസ്.
നവാസ് മേത്തർ