തലശേരി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്ന കേസില്‍ ക്രൈംബ്രാഞ്ച് തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വിവാദത്തിലേക്ക്. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്ന കടവത്തൂര്‍ കുറുങ്ങാട്ട്കുനിയില്‍ പത്മരാജന് (42) പ്രതിയായ പീഡനക്കേസാണ് ഇപ്പോള്‍ പുതിയ തലത്തിലേക്ക് എത്തിയിട്ടുള്ളത്.
ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രതിക്കായി അഡ്വ.പി.പ്രേമരാജന്‍ പോക്സോ പ്രത്യേക കോടതിയില്‍ ജാമ്യ ഹർജി ഫയല്‍ ചെയ്തു. ലോക്കല്‍ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ഹൈക്കോടതി ഉള്‍പ്പെടെ ജാമ്യം നിഷേധിക്കുകയും ചെയ്ത കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം നിയമ രംഗത്തും സജീവ ചര്‍ച്ചയായിരിക്കുകയാണ്.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിയോജക മണ്ഡലത്തില്‍ നടന്ന പീഡനക്കേസിലെ ഈ കുറ്റപത്രം വലിയ വിവാദത്തിലേക്കാണ് നീങ്ങുന്നത്.
ഇടതുമുന്നണി സര്‍ക്കാരില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ശൈലജ ടീച്ചറുടെ ജനപ്രീതിക്ക് കളങ്കം വരുത്താനുള്ള ആസൂത്രിത നീക്കമാണ് ക്രൈംബ്രാഞ്ച് നീക്കത്തിനു പിന്നിലെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. പാലത്തായി കേസുമായി ബന്ധപ്പെട്ട് പ്രമുഖ സിപിഎം നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ഏറെ ശ്രദ്ധേയമായിരുന്നു.
കേസില്‍ കുട്ടി ലൈംഗിക പീഡനത്തിനിരയായതായി തെളിവ് ലഭിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് പറയുന്നത്. ഒന്നു മുതല്‍ അഞ്ച് വരെ സാക്ഷികളായ കുട്ടികളെ പ്രതി സ്ഥാനത്തുള്ള അധ്യാപകന് അടിക്കാറുണ്ട്.
എഐ സ്റ്റേറ്റ്മെന്റിലും 164 പ്രകാരം മജിസ്ട്രേറ്റിന് നല്കിയ മൊഴിയിലും 161 പ്രകാരമുള്ള മൊഴിയിലും വൈരുദ്ധ്യങ്ങളേറെയാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടികാട്ടുന്നു.
പെണ്‍കുട്ടി നല്കിയ മൊഴിയിലെ വൈരുദ്ധ്യമാണ് പോക്സോ ഒഴിവാക്കി കൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.
ഇന്നലെ തലശേരിയിലെത്തിയ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം തലശേരി സർക്കാർ റസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്ത് കേസിന്റെ നടപടിക്രമം വിലയിരുത്തിയ ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പോക്സോ പൂര്‍ണമായും ഒഴിവാക്കി കൊണ്ടുള്ള കുറ്റപത്രമാണ് ഒരുങ്ങുന്നതെന്ന വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് നടന്ന ഉന്നത ഇടപെടലാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന നിലപാടിലേക്ക് ക്രൈംബ്രാഞ്ച് എത്തിയതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75,82, ഐപിസി 323,324 എന്നീ വകുപ്പുകള്‍ പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതയും സംരക്ഷണത്തിലുള്ളവര് കുട്ടിയെ ഉപദ്രവിക്കുന്നു എന്നീ കുറ്റങ്ങളാണ് ഇപ്പോള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അഞ്ചുവര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
പോക്സോ പ്രകാരം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച പ്രതിക്കെതിരേയാണ് ക്രൈംബ്രാഞ്ച് പരമാവധി അഞ്ച് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ വലിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പ്രതി പത്മരാജനെ തലശേരി ഡിവൈഎസ്പിയായിരുന്ന കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി കെ.വി. വേണുഗോപാലിനെ പിന്നീട് തലശേരിയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്തതിനു ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതി അറസ്റ്റിലായി തൊണ്ണൂറു ദിവസം പിന്നിടാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കുറ്റപത്രം സമര്‍പ്പിക്കാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നീ സംഘടനകള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വന്നിരുന്നു.
ഏറെവിവാദങ്ങള്ക്കിടയാക്കിയ പാലത്തായി കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പെണ്‍കുട്ടിയുടെ മൊഴിയിലെ തീയതികള്‍ സംബന്ധിച്ച വൈരുദ്ധ്യം സാങ്കേതികം മാത്രമാണെന്നും ചെറിയ കുട്ടിക്ക് തീയതി സംബന്ധിച്ച തെറ്റുകള്‍ വരാമെന്നും ഈ കാരണം ചൂണ്ടിക്കാട്ടി പ്രതിയെ സംരക്ഷിക്കുന്ന നിലപാട് ക്രൈംബ്രാഞ്ച് സ്വീകരിച്ചത് ശരിയല്ലെന്നും നിയമ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ മറ്റൊരു പ്രതി കൂടിയുണ്ടെന്ന പരാതി ശക്തമായിരിക്കെയാണ് നിലവില്‍ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതിക്ക് അനുകൂലമായ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
താന്‍ നിരപരാധിയാണെന്നും എസ്ഡിപിഐ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പത്മരാജന് അഡ്വ.പി.പ്രേമരാജന്‍ മുഖാന്തിരം പോക്സോ പ്രത്യേക കോടതിയില്‍ നല്കിയ ജാമ്യ ഹർജിയില്‍ പറയുന്നത്.
എസ്ഡിപിഐ നേതൃത്വത്തിനെതിരേയും ജിഹാദി ഗ്രൂപ്പുകള്‍ക്കെതിരേയും പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ചും താന്‍ ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ നടത്തിയിരുന്നു.
ഈ വിരോധമാണ് എസ്ഡിപിഐക്ക് തന്നോടുള്ളത്. ഈ സംഭവത്തോടെ സ്കൂളില്‍ നിന്നും 53 കുട്ടികള്‍ വിടുതല്‍ വാങ്ങി. പീഡനക്കേസില്‍ ഏതന്വേഷണത്തോടും സഹകരിക്കും. നുണപരിശോധനയ്ക്ക് വിധേയനാകാനും തയാറാണെന്നും ജാമ്യ ഹർജിയില്‍ പറയുന്നു. ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തതോടെ പത്മരാജനെ ബിജെപി മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.