കുമരകം: തിരുവാർപ്പ് പഞ്ചായത്തിലെ പാലത്ര കോളനി വാസികളുടെ ജീവിത ദുരിതത്തിന് അറുതിയില്ല.കഴിഞ്ഞ ഏഴു മാസങ്ങളായി കോളനിയിലെ 30 വീട്ടുകാർ വെള്ളപ്പൊക്ക ദുരിതം പേറി ജീവിക്കുകയാണ്.
വിവാഹമായാലും മരണമായാലും മറ്റു വിശേഷങ്ങളായാലും മലിന ജലത്താൽ ചുറ്റപ്പെട്ട പശ്ചാത്തലത്തിൽ ചടങ്ങുകൾ നടത്തണം.
ഇന്നലെ അന്തരിച്ച കോളനി നിവാസി പാലത്ര കുട്ടപ്പന്റെ (61) സംസ്കാരത്തിനായി ചിത ഒരുക്കിയത് മുട്ടറ്റം വെള്ളം നിറഞ്ഞ വീട്ടുമുറ്റത്താണ്.
മൂന്നടി ഉയരത്തിൽ പലകകൾ അടുക്കി താൽക്കാലിക തട്ടുണ്ടാക്കിയാണ് അന്ത്യ കർമങ്ങൾ നടത്തിയത്.പുറംബണ്ടു സംരക്ഷണത്തിനായി കൽക്കെട്ട് ആദ്യം നിർമിച്ച പാടശേഖരമാണു മുപ്പായിക്കരി.
എന്നിട്ടും ബണ്ടിന്റെ അപര്യാപ്തത മൂലം വർഷ കൃഷി നടത്താത്തതാണു കോളനി നിവാസികളുടെ ദുരിത ജീവിതത്തിനു കാരണം. 25ലധികം വർഷമായി പുഞ്ച കൃഷി മാത്രമാണ് നടത്തുന്നത്.
ഇത്ര തന്നെ പഴക്കമുണ്ട് കോളനി നിവാസികളുടെ വെള്ളപ്പൊക്ക ദുരിതത്തിനും. ജലജന്യരോഗങ്ങൾക്കൊപ്പം വിഷപ്പാന്പുകളുടെ ശല്യവും പ്രദേശവാസികളുട ഉറക്കം കെടുത്തുന്നു.
ചെങ്ങളം ഗവണ്മെന്റ് ഹൈസ്കൂളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാന്പ് ആരംഭിച്ചാൽ ആദ്യം എത്തുന്നതു പാലത്ര കേളനി നിവാസികളാണ്.