കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റ് ഒരാഴ്ച്ചക്ക് ശേഷം തുറക്കുമ്പോള്‍ രോഗലക്ഷണമില്ലാത്തവര്മാത്രം കച്ചവടം ചെയ്താല്‍മതിയെന്ന് നിര്‍ദേശം.
എല്ലാ കച്ചവടക്കാരും തൊഴിലാളികളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആഴ്ചയിലൊരിക്കല്‍ പാളയം മാര്‍ക്കറ്റില്‍ കോവിഡ് പരിശോധന നടത്താനും കളക്ടര്‍ നിര്‍ദേശിച്ചു.
നിലവില്‍ ഇത് പ്രാവര്ത്തികമാകാത്തതുമൂലമാണ് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാനും സമ്പര്‍ക്കപട്ടിക ഇത്രയും വിപുലമകാനും കാരണമായത്.
നിലവില്‍ പാളയത്ത് ഈ മാസം 16-ന് ശേഷം എത്തിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
മാര്‍ക്കറ്റ് അടച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുമായി പാളയം മാര്‍ക്കറ്റിലേക്കു വരുന്ന വണ്ടികള്‍ തടമ്പാട്ട്താഴത്തുള്ള അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്കി.