തിരുവില്വാമല: ഇത് വീടുവിട്ട് പലായനം ചെയ്തവരുടെ ജീവിതകഥയാണ്. പലസ്തീനിലോ ഗാസയിലോ യുദ്ധക്കെടുതി അനുഭവിക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിലോ അല്ല. നമ്മുടെ കേരളത്തിൽ, നമ്മുടെ തൃശൂർ ജില്ലയിൽ തിരുവില്വാമലയിലാണ് വീടൊഴിഞ്ഞ് ആളുകൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ കടലാസിലും ചുവപ്പുനാടയിലും ഒതുങ്ങിയപ്പോൾ വീടുവിട്ടിറങ്ങുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല മലേശമംഗലത്തെ നാലു കുടുംബങ്ങൾക്ക്. ആശ്രയപദ്ധതി പ്രകാരം സ്ഥലവും വീടും ലഭിച്ച കുടുംബങ്ങളാണ് വീടുവിട്ടു പോയത്. മലേശമംഗലം പുത്തൻമാരി ഭാഗത്ത് നിന്നും വെള്ളവും വഴിയും ഇല്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോകാതെ നിവൃത്തിയില്ലായിരുന്നു.
വെള്ളത്തിന് വേണ്ടി ഇവർ അലഞ്ഞപ്പോൾ വീടിനു കുറച്ചപ്പുറത്തായി അധികൃതർ നിർമിച്ച കുഴൽകിണറിൽ നിന്ന് വെള്ളം ഓവർഫ്ളോ ആയി പോവുകയായിരുന്നു. ഇതിൽ ഒരു മോട്ടാർ സ്ഥാപിച്ചാൽ ഈ വീട്ടുകാർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും വെള്ളം എത്തിക്കാൻ സാധിക്കും.
പഞ്ചായത്തിലെ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മലേശമംഗലത്ത് കുഴൽകിണർ ഉണ്ടായിട്ടും വെള്ളം പാഴായി പോകുന്ന സ്ഥിതിയാണുള്ളത്. ലിറ്റർ കണക്കിന് വെള്ളമാണ് പാഴായി പോകുന്നത്. നല്ല ഉറവയുളള കിണറുകൾ ആരും ഗൗനിക്കാതെ മലേശമംഗലത്ത് കാടുപിടിച്ചു കിടക്കുന്നുണ്ട്.
എന്നിട്ടും വെള്ളക്ഷാമമെന്ന പരാതി മാത്രം ബാക്കി. കുടിവെള്ളത്തിനായി ആവിഷ്കരിച്ച പദ്ധതികൾ പലതും പാതിവഴിയിലാണ്. വാട്ടർടാങ്കുകൾ നോക്കുകുത്തികളെ പോലെ ഉയർന്നു നിൽക്കുന്നു.