കോഴിക്കോട്: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരസഭ അവശ്യസാധനങ്ങളുടെ അടിസ്ഥാന വില നിശ്ചയിച്ചതോടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം.
പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ എവിടെ നിന്ന് സാധനങ്ങള്‍ വാങ്ങിയാലും നഗരസഭ നിശ്ചയിച്ച വിലയാണിപ്പോള്‍ ഈടാക്കുന്നത്. നേരത്തെ പല കച്ചവടക്കാരും പല വിലയ്ക്കായിരുന്നു സാധനങ്ങള്‍ വിറ്റിരുന്നത്. എന്നാലിപ്പോള്‍ എവിടേയും ഓരേ വിലയാണ് ഈടാക്കുന്നത്.
നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ പലപ്പോള്‍ കച്ചവടക്കാര്‍ അധികമായി നല്‍കുന്നതോടെ ഉപഭോക്താക്കള്‍ ഏറെ സന്തോഷത്തോടെയാണ് മാര്‍ക്കറ്റില്‍ നിന്ന് മടങ്ങുന്നത്. വൈകിട്ടാണ് കൂടുതലായും മാര്‍ക്കറ്റില്‍ ആളുകള്‍ എത്തുന്നത്.
ചില സാധനങ്ങള്‍ അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ പറ്റില്ല. ഇത്തരത്തിലുള്ള സാധനങ്ങളെല്ലാം ഉപഭോക്താക്കള്‍ക്ക് ഏറെ ലാഭത്തോടെയാണ് ലഭിക്കുന്നത്. ഇല വര്‍ഗങ്ങള്‍ , പാകമായ തക്കാളി, പയര്‍ എന്നിവയെല്ലാം നിശ്ചയിച്ചതിനേക്കാളും കുറഞ്ഞവിലയ്ക്കാണ് വില്‍ക്കുന്നത്.
കച്ചവടക്കാരുമായി ആലോചിച്ചുകൊണ്ടാണ് നഗരസഭ വില നിശ്ചയിച്ചത്. പഴവര്‍ഗങ്ങള്‍ക്കും തീരുമാനിച്ച നിശ്ചിത വിലയില്‍ തന്നെയാണ് വില്പന നടത്തുന്നത്.
പാളയം മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവിതരണ വിലയേക്കാള്‍ 20 ശതമാനം വര്‍ധനവോടെയാണ് ചില്ലറവില്‍പ്പനക്കാര്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ നല്‍കേണ്ടതെന്നാണ് തീരുമാനിച്ചത്. വിലയില്‍ ഓരോ ദിവസവും മാറ്റമുണ്ടാവും.
ചിലര്‍ അധികവിലയ്ക്ക് വില്‍പ്പന നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ നഗരസഭാ അധികൃതരും മറ്റും പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.