കൊട്ടിയൂർ: പാൽച്ചുരം ആശ്രമം ജംഗ്ഷനു സമീപം ലങ്കയെന്നു വിളിക്കുന്ന സ്ഥലത്തു കുന്നിടിച്ചുള്ള റിസോർട്ട് നിർമാണത്തിനെതിരേ നടപടിയെടുക്കുമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ. റിസോർട്ട് നിർമാണത്തിന് പഞ്ചായത്ത് ഇതുവരെ ഒരനുമതിയും നൽകിയിട്ടില്ല. അനുമതിയില്ലാതെ നിർമിച്ച പാലം പണിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
പുഴയുടെയും തോടിനും കുറുകെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കേണ്ടത് റവന്യു വകുപ്പാണെന്നും അടുത്ത പഞ്ചായത്ത് യോഗത്തിൽ ഇക്കാര്യം മുഖ്യ അജണ്ടയായി ചർച്ച ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.പഞ്ചായത്തിന്റെയും വില്ലേജിന്റേയും സ്റ്റോപ് മെമ്മോക്കു പുല്ലുവില കല്പിച്ചാണു ഇവിടെ കുന്നിടിച്ചു നിരത്തി റിസോർട്ട് നിർമാണം നടത്തുന്നത്. മൂന്നുഭാഗവും കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് ബാവലിപ്പുഴയ്ക്കു കുറുകെ പാലം നിർമിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പ്രളയത്തിലടക്കം ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്തിനടുത്തു സ്വകാര്യവ്യക്തി വ്യാപകമായി നിർമാണം നടത്തുന്നതിനെതിരേ പഞ്ചായത്ത് ഒരു സ്റ്റോപ് മെമ്മോ നൽകിയതല്ലാതെ മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. പാൽച്ചുരം വെള്ളച്ചാട്ടത്തിലേക്കു നേരത്തേ തന്നെ സ്വകാര്യവ്യക്തികളുടെ പറമ്പിലൂടെ വഴിയുണ്ടായിരുന്നു. ഈ സ്വകാര്യവഴി വീതികൂട്ടി നിർമിച്ച് അധികൃതരുടെ അനുമതി വാങ്ങാതെയാണു ബാവലിപ്പുഴയ്ക്കു കുറുകെ പാലം നിർമിച്ചിട്ടുള്ളത്.
ജനുവരി മാസത്തോടെയായിരുന്നു ഇവിടെ നിർമാണം തുടങ്ങിയത്. എട്ട് ഏക്കർ സ്ഥലത്തു റിസോട്ടുകളും ആയുർവേദ മസാജിംഗ് സെന്ററുകളും നിർമിക്കാനാണു പദ്ധതി. കുന്നിനു കുറുകെ കിലോമീറ്ററുകളോളം റോഡു നിർമിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് കെട്ടിട നിർമാണ പ്രവർത്തനങ്ങളും തുടങ്ങി. ബാവലിപ്പുഴയിൽ ആനധികൃതമായി നിർമിച്ച പാലം കടന്നാൽത്തന്നെ നിർമാണ പ്രവൃത്തികൾ നടത്തിയിരിക്കുന്നതു കാണാം.
കഴിഞ്ഞ പ്രളയത്തിനു ശേഷം കൊട്ടിയൂർ പഞ്ചായത്തിലാകെ കെട്ടിടനിർമാണ നിരോധനമുണ്ടായിരുന്നതാണ്. പിന്നീട് മാസങ്ങൾക്കു ശേഷം അതു നീക്കിയിരുന്നു. എന്നാൽ സോയിൽ പൈപ്പിംഗ് പ്രതിഭാസമുണ്ടായ മേഖല എന്ന നിലയിൽ വൻകിട നിർമാണങ്ങൾക്ക് ഇപ്പോഴും കൊട്ടിയൂർ പഞ്ചായത്തിൽ അനുമതിയില്ല. 45 ഡിഗ്രി ചെരിവുള്ള ഈ മേഖലയിൽ മഴക്കുഴി പോലും നിർമിക്കാൻ പാടില്ലെന്നും ഇവിടെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി പാർപ്പിക്കണമെന്നുമാണു പ്രളയത്തിനു ശേഷം ഇവിടെ പഠനം നടത്തിയ സെന്റർ ഫോർ എൻവയേർമെന്റ് സ്റ്റഡീസ് അധികൃതർ റിപ്പോർട്ട് നൽകിയത്.
എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് അനധികൃത നിർമാണം നടക്കുന്നത്. അനധികൃത റിസോർട്ട് നിർമാണത്തിനെതിരേ ശക്തമായ പ്രക്ഷോഭവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്.