കേളകം: കൊട്ടിയൂർ-മാനന്തവാടി റോഡിലെ പാൽച്ചുരം ചുരത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. അറുപത്തഞ്ചോളം യാത്രക്കാരുണ്ടായിരുന്ന ബസിനെ വൻദുരന്തം ഒഴിവാക്കിയത് ബൈജു തോമസ് എന്ന ഡ്രൈവറുടെ മനസാന്നിധ്യം.
മാനന്തവാടിയിൽ നിന്ന് ഇരിട്ടി വഴി കണ്ണൂരിലേക്ക വരികയായിരുന്ന ബസാണ് ഇന്നലെ വൈകുന്നേരം ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടത്. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു.
ചെകുത്താൻ തോടിലെ വലിയ ഇറക്കം തുടങ്ങിയപ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. കയറ്റം കയറി വരുന്ന ചെങ്കല്ല് ലോറിക്ക് സൈഡ് നൽകാൻ ശ്രമിക്കുന്പോഴാണ് ബ്രേക്ക് നഷ്ടമായതായി ഡ്രൈവർ ബൈജുവിന് മനസിലായത്.
വലിയ വളവിന്റെ വലതുഭാഗത്ത് ആഴമുള്ള കൊക്കയാണ്. സർവശക്തിയുമെടുത്ത് ഇടത്തേക്ക് തിരിച്ച് ബസ് മൺതിട്ടയിൽ ഇടിച്ചു നിർത്തുകയായിരുന്നു.
ബസിന്റെ ഇടതുഭാഗത്തെ ടയറുകൾ ഓവുചാലിൽ വീണത് വലിയ ഭാഗ്യമായി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബഹളം വയ്ച്ചു. ചിലർ ജനാല വഴി പുറത്തേക്ക് ചാടി. മറ്റു ചിലർ ഡ്രൈവറുടെ വാതിൽ വഴി പുറത്തിറങ്ങി.
മുമ്പിലുള്ള വാതിൽ തുറന്ന് സാഹസപ്പെട്ടാണ് മുഴുവൻ യാത്രക്കാരെയും ഇറക്കിയത്. രണ്ടു വർഷമായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന ഡ്രൈവർ ബൈജു ഇരിട്ടി സ്വദേശിയാണ്.