വടക്കഞ്ചേരി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്യമൃഗ വിശേഷങ്ങളാണ് വടക്കഞ്ചേരി മേഖലയിൽനിന്നുള്ള പ്രധാന വാർത്തകളാകുന്നത്.
ഒരാഴ്ചയിലേറെയായി പുലിപ്പേടിയിൽ കഴിയുന്ന കാളാംകുളത്ത് ഇന്നലെയും പുലിയെത്തി.
കുറുവായിയിൽ പൊട്ടക്കിണറ്റിൽ വീണു കാട്ടുപന്നി ചത്തു. കിഴക്കഞ്ചേരി കുണ്ടുകാട് സെന്ററിലെ വർക്ക്ഷോപ്പിൽ നിന്നും മരപ്പട്ടിയേയും കുഞ്ഞിനേയും പിടികൂടി.
കുഞ്ഞിനെ പാലൂട്ടുന്നതിനിടെയാണ് മരപ്പട്ടി കുടുംബം പിടിയിലായത്. പുതുക്കോട് അപ്പക്കാട് ഹുസൈന്റെ വീട്ടിൽനിന്നും വെള്ളിമൂങ്ങയെ പിടികൂടി.
വന്യമൃഗ സാന്നിധ്യങ്ങളിൽ ഇന്നലെ വനപാലകർക്കു വിശ്രമമുണ്ടായിട്ടില്ല. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.സലിമിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് എല്ലായിടത്തും ഓടിയെത്തിയത്.
കാളാംകുളത്തു മുണ്ടോട്ടുകുളന്പ് പാലാപറന്പിൽ ജോയിയുടെ വീട്ടുപറന്പിലാണ് ഇന്നലെ രാവിലെ പുലിയെ കണ്ടത്.
അഞ്ചു ദിവസം മുന്പ് കാളാംകുളം പനക്കപ്പറന്പിൽ ഓമന തങ്കപ്പന്റെ ആടിനെ പുലി കൊന്നിരുന്നു.
അന്നുമുതൽ രാപ്പകൽ പുലിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഏതുസമയവും യുവാക്കളുടെ സംഘങ്ങൾ പലയിടത്തായി കാവലിരിപ്പുണ്ട്.
പഞ്ചായത്ത് മെന്പർ എ.ടി. വർഗീസ്കുട്ടിയുടെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ വനപാലകരുടെ സഹായത്തോടെ തെരച്ചിലും സജീവമാണ്.
ഇന്നലെയും ഉൗർജിതമായ തെരച്ചിൽ നടന്നു. പക്ഷേ, പുലി പിടികൊടുക്കുന്നില്ല.
ഒരാഴ്ചയിലേറെയായി അഞ്ചുകിലോമീറ്റർ ചുറ്റളവിൽതന്നെ കറങ്ങുകയാണ് പുലി. ഓരോ ദിവസവും വ്യത്യസ്ത റൂട്ടിലൂടെയാണ് യാത്രകൾ.
ഇതിനാൽ കാമറ സ്ഥാപിക്കാനോ കൂടു വയ്ക്കാനോ കഴിയാത്ത സ്ഥിതിയാണെന്നു ഫോറസ്റ്റ് ഓഫീസർ സലിം പറഞ്ഞു.
പുലിയെ പേടിച്ച് ഇപ്പോൾ സന്ധ്യമയങ്ങിയാൽ പിന്നെ ഒറ്റയ്ക്കുള്ള നടത്തം എല്ലാവരും ഒഴിവാക്കുകയാണ്.
മേഖലയിൽ റബർ ടാപ്പിംഗ് പോലും നന്നായി വെളിച്ചമായതിനുശേഷമാക്കി. നേരത്തെ പുലർച്ചെ രണ്ടു മണിക്കും മൂന്നുമണിക്കുമൊക്കെ ടാപ്പിംഗ് നടത്തിയിരുന്നത് ഇപ്പോൾ രാവിലെ ഏഴിന് ശേഷമേ തൊഴിലിനിറങ്ങുന്നുള്ളൂ.
പല്ലാറോഡും പുലിയെ കണ്ടതിനെത്തുടർന്ന് അവിടെയും നിരീക്ഷണമുണ്ട്. ഒരാഴ്ചമുന്പ് വടക്കഞ്ചേരി ടൗണിനടുത്തു മാണിക്യപ്പാടത്താണ് പുലിയെ ആദ്യം കാണുന്നത്. പിന്നീടു പലയിടത്തായി പലരും പുലിയെ കാണുന്നുണ്ട്.
ജനങ്ങൾ പ്രകോപിതരാകാതിരിക്കാൻ നാട്ടിൽ ഇറങ്ങിയിട്ടുള്ളതു പട്ടിപ്പുലിയാണെന്നു പറഞ്ഞു ജനങ്ങളെ തണുപ്പിക്കാനുള്ള ശ്രമങ്ങളും വനംവകുപ്പ് നടത്തുന്നുണ്ട്.
എന്നാൽ പുലിയെ നേരിട്ടു കണ്ടവരാരും വനപാലകരുടെ ഈ വാദം വിശ്വസിക്കുന്നില്ല.