ഗാന്ധിനഗർ: നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ ചർച്ചയാകുന്നു.
സുരക്ഷ ജീവനക്കാരുടെ കുറവ് നികത്താത്തതടക്കം ഗുരുതര വീഴ്ചകൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതാണ് ചർച്ചയാകുന്നത്. 40 സുരക്ഷ ജീവനക്കാരുടെ കുറവാണ് ആശുപത്രിയിൽ നിലവിലുള്ളത്.
പല കവാടങ്ങളിലും ഒരു സമയം ഡ്യൂട്ടിക്കുണ്ടാവുക ഒരാൾ മാത്രം. സുരക്ഷക്ക് മേൽനോട്ടം വഹിക്കേണ്ട ചീഫ് സെക്യൂരിറ്റി ഓഫിസറുടെ മൂന്നു തസ്തികകളിൽ രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.
ജീവനക്കാരെ എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേതന നിരക്ക് കുറവായതിനാൽ ആളുകൾ വരാൻ മടിക്കുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.
530 രൂപ മാത്രമാണ് ദിവസക്കൂലി. ഇത് പുതുക്കി നിശ്ചയിക്കാൻ ആശുപത്രി ഫണ്ടിന്റെ കുറവ് തിരിച്ചടിയാകുന്നെന്നും അധികൃതർ പറയുന്നു.
പ്രധാന കവാടങ്ങളിൽ സിസിടിവി ഇല്ലെന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കൂടാതെ ആശുപത്രി പരിസരത്തു ക്രിമിനൽ സംഘങ്ങളുടെ സാന്നിധ്യം വർധിക്കുന്നതായും പരാതിയുണ്ട്.
മെഡിക്കൽ കോളജിന്റെ പ്രധാന കവാടത്തിൽ ഒരുതരത്തിലുമുള്ള സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തിയിട്ടില്ല.
സി. സി. ടി. വി ക്യാമറകളും ഇല്ല. വണ്ടികളുടെ നന്പർ പ്ളേറ്റ് വ്യക്തമാകുന്നതും രാത്രി കാല ദൃശ്യങ്ങൾ വ്യക്തമായി ലഭിക്കുന്നതുമായ ക്യാമറകൾ കവാടങ്ങളിൽ സ്ഥാപിക്കണം എന്ന ആവശ്യം പോലിസ് ഉന്നയിച്ചിട്ട് കാലം ഏറെയായി. എന്നാൽ ഇതിലൊന്നും തീരുമാനം എടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയാറായിട്ടില്ല.
ആശുപത്രിയുമായി ബന്ധപ്പെട്ട് നിലവിലുള്ള ക്യാമറകളിൽ എഴുപത് ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നത്.
സുരക്ഷ സംവിധാനങ്ങൾ പാളിയതോടെ ക്രിമിനൽ സംഘങ്ങളുടെ പ്രധാന താവളമായി മെഡിക്കൽ കോളജ് മാറിക്കഴിഞ്ഞെന്ന് പൊലിസും പറയുന്നു.
ആറുമാസത്തിനിടെ ഇരുപതിലധികം ക്രിമിനൽ കേസ് പ്രതികളെയാണ് പിടികൂടിയത്. കൂടുതലും മൊബൈൽ ഫോണ് മോഷണത്തിനാണ് പിടിയിലാകുന്നത്.
സുരക്ഷാ സംവിധാനം ശക്തമല്ലാത്തതിന്റെ, പേരിൽ രോഗികളുടെ കൂട്ടിരിപ്പ് കാർ സുരക്ഷാ ജീവനക്കാരെ അസഭ്യം പറയുന്നതും നിത്യസംഭവമാണ്