അങ്ങാടിപ്പുറം: വിഷു ദിവസം ഭാഗ്യദേവതയിൽ നിന്നു 70 ലക്ഷം രൂപ കൈനീട്ടമായി കിട്ടിയ സന്തോഷത്തിലാണ് നാൽപ്പത്തിമൂന്നുകാരനായ മൂർത്തിയും കുടുംബവും.
അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപയാണ് മൂർത്തിയെടുത്ത ടിക്കറ്റിന് ലഭിച്ചത്.
കൈയിൽ പണമില്ലാത്തതിനാലാണ് വിഷുവിനും അവധിയെടുക്കാതെ രാവിലെ മൂർത്തി പണിക്കിറങ്ങിയത്.
കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കൂലിപ്പണിയാണ് മൂർത്തിക്ക്. സ്ഥിരമായി ഭാഗ്യക്കുറി ടിക്കറ്റ് എടുക്കാറില്ല.
മുൻപരിചയമുള്ള ലോട്ടറി വിൽപ്പനക്കാരൻ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയപ്പോൾ അയാൾ ടിക്കറ്റ് മൂർത്തിക്ക് നീട്ടിയെങ്കിലും ആകെ കൈയിലുള്ള അൻപതു രൂപയ്ക്ക് ടിക്കറ്റ് എടുക്കുന്നില്ലെന്നു പറഞ്ഞ് ആദ്യം വാങ്ങിയില്ല.
നിർബന്ധിച്ചതിനെത്തുടർന്ന് ഭിന്നശേഷിക്കാരനായ ലോട്ടറിക്കാരന്റെ അവസ്ഥയും കൂടി ഓർത്താണ് 40 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങിയത്.
29 വർഷം മുന്പാണ് തമിഴ്നാട് പഴനി സ്വദേശിയായ മൂർത്തി അങ്ങാടിപ്പുറത്തെത്തിയത്. ഇപ്പോൾ പഞ്ചായത്ത് ഓഫീസിനടുത്തുള്ള വാടക ക്വാർട്ടേഴ്സിലാണ് താമസം.
അങ്ങാടിപ്പുറം സ്വദേശിയായ സീമയാണ് ഭാര്യ. അഞ്ചാംക്ലാസിൽ പഠിക്കുന്ന പൂജാലക്ഷ്മി രണ്ടാംക്ലാസിൽ പഠിക്കുന്ന സിദ്ധാർഥ് എന്നിവരാണ് മക്കൾ.
വിഷുദിവസം തന്നെ ഭാഗ്യക്കുറി കിട്ടിയത് ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്നു മൂർത്തിയും ഭാര്യയും പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് പെരിന്തൽമണ്ണ സഹകരണ അർബൻ ബാങ്കിന്റെ അങ്ങാടിപ്പുറം ശാഖയിൽ ഏൽപ്പിച്ചു.